കൊല്ലം: എഡിജിപി എം.ആർ അജിത് കുമാറിനെതിരെ ഗുരുതര ആരോപണവുമായി കൊല്ലം ഓയൂരിൽ നിന്ന് കാണാതായ അബിഗേൽ സാറാ റെജിയുടെ പിതാവ്. മകളെ തട്ടിക്കൊണ്ടുപോയ അജ്ഞാത സംഘത്തിൽ നാലുപേർ ഉണ്ടായിരുന്നെന്ന് എഡിജിപിയോട് വെളിപ്പെടുത്തിയിട്ടും തോന്നലാണെന്ന് പറഞ്ഞ് ഒഴിവാക്കുകയായിരുന്നുവെന്ന് റെജി ജോൺ പറഞ്ഞു.
സാമ്പത്തിക ബാദ്ധ്യത തീർക്കാനാണ് പത്മകുമാറും കുടുംബവും മകളെ തട്ടിക്കൊണ്ടുപോയതെന്ന പൊലീസിന്റെ കണ്ടെത്തൽ ഒരിക്കലും വിശ്വസയോഗ്യമല്ല. സംഭവത്തിന് പിന്നാൽ കൂടുതൽ പേർക്ക് പങ്കുണ്ട്. ഒരു അങ്കിൾ കൂടി കാറിൽ ഉണ്ടായിരുന്നുവെന്ന് മകൻ ഉറപ്പിച്ച് പറഞ്ഞിരുന്നു. എന്നാൽ അന്വേഷണം പത്മകുമാറിലും ഭാര്യ അനിതകുമാരിയിലും മകളിലും മാത്രം ഒതുക്കാൻ ആയിരുന്നു പൊലീസിന്റെ ശ്രമം. വിദ്യാഭ്യാസമുള്ള , സാമ്പത്തികമായി മെച്ചപ്പെട്ട ഒരു കുടുംബം പണം ഉണ്ടാക്കാൻ കുഞ്ഞിനെ തട്ടിക്കൊണ്ടുപോകുമെന്ന് ആരും വിശ്വസിക്കുന്നില്ല. വീട്ടിലെ രണ്ട് കാർ വീറ്റാൽ പൊലും അവർക്ക് 10 ലക്ഷം രൂപ കിട്ടുമായിരുന്നു.
മകളെ ജീവനോടെ കണ്ടെത്തേണ്ടിയിരുന്നതിനാലാണ് പൊലീസിനെതിരെ പ്രതികരിക്കാതിരുന്നത്. പുനരന്വേഷണം ആവശ്യപ്പെടാനുള്ള ആസ്തിയോ പിടിപാടൊ തങ്ങൾക്ക് ഇല്ലെന്നും റെജി ജോൺ വ്യക്തമാക്കി.
2023 നവംബർ 27 ന് വൈകുന്നേരമാണ് സഹോദരനൊടോപ്പം നടന്നു വരുന്ന വഴിയിൽ അബിഗേൽ സാറായെ വാഹനത്തിൽ എത്തിയ സംഘം തട്ടിക്കൊണ്ടു പോയത്. ഒരു ദിവസത്തിന് ശേഷമാണ് കൊല്ലം ആശ്രാമം മൈതാനത്തിൽ ഉപേക്ഷിച്ച നിലയിൽ കുട്ടിയെ കണ്ടെത്തുകയത്.















