ബാങ്കോക്ക്: ജനം ടിവി എംഡിയും ഹോസ്പിറ്റാലിറ്റി രംഗത്തെ പ്രമുഖരായ ഉദയസമുദ്ര ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ചെങ്കൽ രാജശേഖരൻ നായർക്ക് ഏഷ്യ പസഫിക്ക് ബിസിനസ് ഐക്കോൺ അവാർഡ് സമ്മാനിച്ചു. ടൂറിസം, ഹോസ്റ്റാലിറ്റി മാനേജ്‌മെന്റ് മേഖലയിൽ നടത്തിവരുന്ന ലോകോത്തര നിലവാരത്തിലുള്ള പ്രവർത്തന മികവിനുള്ള അംഗീകാരമായി ഇന്ത്യയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഏക സംരംഭകനാണ് ഡോ. ചെങ്കൽ രാജശേഖരൻ നായർ.
ബാങ്കോക്കിലെ അംബാസഡർ ഇന്റർനാഷണൽ കൺവെൻഷൻ ഹാളിൽ നടന്ന ചടങ്ങിലാണ് അവാർഡ് സമ്മാനിച്ചത്. ഗ്ലോബൽ കൺസോർഷ്യം ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയുടെ ആഭിമുഖ്യത്തിൽ നടന്ന അന്തർദേശീയ സെമിനാറിന്റെ ഭാഗമായി നൽകുന്ന പുരസ്‌കാരമാണിത്. ഗ്ലോബൽ കൺസോർഷ്യം ചെയർപേഴ്‌സൺ പ്രൊ. ജോർജിയെസ് ആഞ്ജലിക്കനസ് അവാർഡ് സമ്മാനിച്ചു.
48 രാജ്യങ്ങളിൽ നിന്നും 300 ഓളം പ്രതിനിധികൾ പങ്കെടുത്ത പരിപാടിയിലായിരുന്നു പുരസ്‌കാരം സമർപ്പിച്ചത്. ചടങ്ങിന്റെ ഭാഗമായി നടന്ന സെമിനാറിൽ രാജ്യ വികസനത്തിൽ ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് വഹിക്കുന്ന പങ്ക് എന്ന വിഷയത്തിൽ ഡോ. രാജശേഖരൻ നായർ പ്രബന്ധവും അവതരിപ്പിച്ചു.