സെപ്തംബർ 7ന് വിനായ ചതുർഥി ദിനം ആഘോഷിക്കാനുള്ള തിരക്കിലാണ് രാജ്യം. ഗണപതി ഭഗവാന് ഇഷ്ടപ്പെട്ട പലഹാരങ്ങൾ ഉണ്ടാക്കിയും വിനായക പ്രതിമകൾ നിർമിച്ചും നാം വ്യത്യസ്ത രീതിയിൽ വിനായക ചതുർഥി ആഘോഷമാക്കുന്നു. അത്തരത്തിൽ വേറിട്ടൊരു ഗണേശ ചതുർഥി ആഘോഷവുമായാണ് റായ്പൂർ സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ എത്തിയിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നത്.
റെയിൽവേ സ്‌ക്രാപ്പുകളിൽ നിന്നും 12 അടി ഉയരമുള്ള ഗണേശനെയാണ് റെയിൽവേ ജീവനക്കാർ നിർമിച്ചത്. സാധാരണ പ്ലാസ്റ്റർ ഓഫ് പാരിസ് കൊണ്ട് നിർമിക്കുന്ന ഗണപതി ഭഗവാന്റെ പ്രതിമയ്‌ക്ക് പകരം ഇത്തവണ റെയിൽവേ സ്‌ക്രാപ്പുകളിൽ നിന്ന് നിർമിക്കാമെന്ന ആശയത്തിലേക്ക് റെയിൽവേ ജീവനക്കാർ എത്തുകയായിരുന്നു. റെയിൽവേ വാഗൺ റിപ്പയർ ഷോപ്പ് ജീവനക്കാരനായ അശോക് ദേവൻങ്കാന്റെ കൈകളാണ് മനഹോരമായ പ്രതിമയ്‌ക്ക് പിന്നിൽ പ്രവർത്തിച്ചത്.
നട്ടുകൾ ഉപയോഗിച്ചാണ് വിനായകന്റെ ശരീരം നിർമിച്ചത്. സ്പ്രിംഗുകൾ ഉപയോഗിച്ചാണ് കൊമ്പുണ്ടാക്കിയതെന്നും അശോക് പറഞ്ഞു. 1,000 കിലോ റെയിൽവേ സ്‌ക്രാപ്പുകൾ ഉപയോഗിച്ചാണ് പ്രതിമ നിർമിച്ചിരിക്കുന്നത്. വിനായ ചർതുഥി ദിവസം പ്രതിമ പ്രദർശനത്തിന് വയ്‌ക്കുമെന്നും എല്ലാവർക്കും ഗണേശന്റെ അനുഗ്രഹം ലഭിക്കട്ടെയെന്നും അശോക് പറഞ്ഞു.