ലക്നൗ: സ്വത്തുവിവരങ്ങൾ വെളിപ്പെടുത്താത്ത 2.44 ലക്ഷം ജീവനക്കാരുടെ ശമ്പളം തടഞ്ഞുവെച്ച് യുപി സർക്കാർ. ഓഗസ്റ്റ് 31-നകം ആസ്തി സംബന്ധിച്ച് നൽകാൻ ജീവനക്കാരോട് ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടിരുന്നു. വീഴ്ച വരുത്തിയവർക്ക് സെപ്തംബറിൽ ശമ്പളം വിതരണം ചെയ്തില്ല .
മാനവ് സമ്പത്ത് എന്ന വെബ്‌സൈറ്റ് വഴിയാണ് ജീവനക്കാരുടെ സ്ഥാവര ജംഗമ സ്വത്തുക്കളെക്കുറിച്ചുള്ള വിവരങ്ങൾ സർക്കാർ തേടിയത്. 8,46,640 പേരാണ് സംസ്ഥാന സർക്കാർ സർവ്വീസിൽ ഉള്ളത്. ഇതിൽ 6,02,075 പേർ മാത്രമാണ് വിവരങ്ങൾ അപ്ലോഡ് ചെയതത്.
വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകളിലെ ജീവനക്കാരാണ് സ്വത്തുവിവരങ്ങൾ നൽകാത്തവരിൽ ഭൂരിഭാഗവും. ഇതിനുപുറമെ, റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരും തങ്ങളുടെ വിശദാംശങ്ങൾ നൽകിയിട്ടില്ല. ഇതിന് പിന്നാലെയാണ് കർശന നടപടിയുമായി യോഗി സർക്കാർ മുന്നോട്ട് വന്നത്.
സർക്കാർ സേവനങ്ങൾ അഴിമതി രഹിതവും സുതാര്യവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് 2023 ൽ യോഗി സർക്കാർ മാനവ് സമ്പത്ത് പോർട്ടൽ അവതരിപ്പിച്ചത്. ജൂൺ 30 ന് അവസാനിച്ച സമയപരിധി ജീവനക്കാരുടെ ആവശ്യപ്രകാരം നീട്ടിയിരുന്നു.
കേരളത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ നിർമിക്കുന്ന മണിമാളികയുടെ വിവരങ്ങൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇതിനിടെയാണ് ആർജ്ജവമുള്ള യോഗി ഭരണകൂടത്തിന്റെ നടപടി ദേശീയ മാദ്ധ്യമങ്ങളിൽ ഇടംപിടിക്കുന്നത്.















