ബെംഗളൂരു: മല്ലികാർജുൻ ഖാർഗെ കുടുംബത്തിന്റെ സിദ്ധാർത്ഥ വിഹാര ട്രസ്റ്റ് നടത്തുന്ന കലബുർഗിയിലെ സ്ഥാപനത്തിന് 19 ഏക്കർ സർക്കാർ ഭൂമി സൗജന്യമായി നൽകി കർണ്ണാടക സർക്കാർ.
2014 മാർച്ചിൽ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ 16 ഏക്കർ സർക്കാർ ഭൂമി മല്ലികാർജുൻ ഖാർഗെ കുടുംബത്തിന്റെ സിദ്ധാർത്ഥ വിഹാര ട്രസ്റ്റ് നടത്തുന്ന കലബുർഗിയിലെ സ്ഥാപനത്തിന് 30 വർഷത്തേക്ക് പാട്ടത്തിന് നൽകി. ഏതാനും വർഷങ്ങൾക്കുള്ളിൽ, 16 ഏക്കർ വസ്തുവിൽ 03 ഏക്കർ കൂടി ചേർത്തു നൽകി. 2017 മാർച്ചിൽ, സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ ഈ 19 ഏക്കറും ഖാർഗെ കുടുംബം നടത്തുന്ന ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് സൗജന്യമായി കൈമാറി. ഭൂമി അനുവദിച്ചപ്പോൾ മല്ലികാർജുൻ ഖാർഗെയുടെ മകൻ പ്രിയങ്ക് ഖാർഗെ അന്നത്തെ കർണാടക സർക്കാരിൽ കാബിനറ്റ് മന്ത്രിയായിരുന്നു.
ബംഗളൂരുവിനടുത്തുള്ള ഒരു എയ്‌റോസ്‌പേസ് പാർക്കിൽ സിദ്ധാർത്ഥ വിഹാര ട്രസ്റ്റിന് 5 ഏക്കർ ഭൂമി അനുവദിച്ചത് അടുത്തിടെ പുറത്തുവന്നിരുന്നു, സിറോയ പറഞ്ഞു.
19 ഏക്കറിന്റെ കൈമാറ്റവും കെഐഎഡിബിയുടെ അഞ്ചേക്കർ ഭൂമി അനുവദിച്ചതും സ്വതന്ത്ര ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ബിജെപി എംപി ലഹർ സിങ് സിറോയ ആവശ്യപ്പെട്ടു. “തങ്ങളുടെ സ്വകാര്യ ട്രസ്റ്റിന് ഭൂമി പതിച്ചുനൽകാൻ സിദ്ധരാമയ്യ സർക്കാർ ഖാർഗെയുടെ സമ്മർദ്ദത്തിന് വിധേയമായോ അതോ കർണാടകയിലെ കോൺഗ്രസ് സർക്കാർ ഖാർഗെയെ പ്രീതിപ്പെടുത്താൻ ശ്രമിക്കുകയായിരുന്നോ,” അദ്ദേഹം ചോദിച്ചു.
ബെംഗളൂരുവിലെ എയ്‌റോസ്‌പേസ് പാർക്കിലെ സിദ്ധാർത്ഥ വിഹാര ട്രസ്റ്റിന് അഞ്ച് ഏക്കർ ഭൂമി അനുവദിച്ചതേക്കുറിച്ചുള്ള സ്വകാര്യ പരാതിയെ തുടർന്ന് ഗവർണർ താവർചന്ദ് ഗെലോട്ട് കർണാടക സർക്കാർ ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടിയിട്ടുണ്ട്.















