സീരിയൽ രംഗത്തും അഭിനേതാക്കൾ ഒരുപാട് പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്ന് സീരിയൽ നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ അനുമോൾ. സീരിയലിൽ രംഗത്തേക്ക് വന്ന ആദ്യ നാളുകളിൽ ഒരുപാട് മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ലൊക്കേഷനുകളിൽ ഒരു പരിഗണനയും ലഭിച്ചിരിന്നില്ലെന്നും അനുമോൾ തുറന്നുപറഞ്ഞു. സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.
“പ്രോഗ്രാമിനും സീരിയലിലുമൊക്കെ പലപ്പോഴും ഞാനും അമ്മയും ബസിലാണ് പോയിരുന്നത്. ലൊക്കേഷനിൽ നിന്ന് വണ്ടിയിൽ കയറ്റും. പക്ഷേ, എന്തെങ്കിലും പറഞ്ഞ് പാതി വഴിയിൽ ഇറക്കിവിടും. ഞങ്ങൾക്ക് വെള്ളം പോലും ചില ലൊക്കേഷനിൽ നിന്ന് തരാറില്ല. 11, 12 മണി വരെ ലൊക്കേഷനിൽ പിടിച്ചിരുത്തും. പോകണമെന്ന് പറഞ്ഞാലും പറഞ്ഞ് വിടില്ല. സീനിയർ ആർട്ടിസ്റ്റിനോട് അങ്ങനെയൊന്നും കാണിക്കില്ല. ഇനി ഷൂട്ടിന് വിളിക്കാതിരുന്നാലോ എന്ന് കരുതി പ്രതികരിക്കില്ല. പെട്ടെന്ന് ഒരു സൂചനയും തരാതെ കഥാപാത്രത്തെ ഒഴിവാക്കും”.
“പ്രതികരിച്ചത് കൊണ്ട് ഒരു സീരിയലിൽ നിന്ന് എന്നെ മാറ്റിയിട്ടുണ്ട്. സീരിയലിലെ തിരക്കഥാകൃത്ത് കൂടെ ഇരുന്ന് എഴുതണമെന്ന് പറഞ്ഞ് എന്നെ പല തവണ വിളിച്ചിരുന്നു. പോകാതിരുന്നപ്പോൾ എന്നോട് ദേഷ്യപ്പെട്ടു. നിരന്തരം വിളിച്ച് ശല്യപ്പെടുത്തി. രണ്ട് പെൺമക്കൾ ഉള്ളതുകൊണ്ട് ഞാൻ ഒന്നും പറഞ്ഞില്ല. കൊടുക്കേണ്ടത് എന്റെ അച്ഛൻ നല്ലത് പോലെ പറഞ്ഞിട്ടുണ്ട്. പിന്നീട് ആ സീരിയലിൽ നിന്ന് എന്നെ ഒഴിവാക്കി. പിന്നെ മറ്റ് പല ചാനലുകളിലുള്ള സീരയലുകളിൽ നിന്നും എന്നെ ഒഴിവാക്കിയിട്ടുണ്ട്. ഒരു കഥാപാത്രത്തെ മാറ്റി കഴിഞ്ഞാൽ, ആ ആർട്ടിസ്റ്റിന്റെ കയ്യിലിരുപ്പ് കൊണ്ടാണ് മാറ്റിയെന്ന് പറയും”.
ഒരു സീരിയലിന്റെ ലൊക്കേഷനിൽ വച്ച് ആഹാരം കഴിക്കുന്ന സമയം ഡയറക്ടർ വന്ന് എന്നെ തെറി വിളിച്ചു. എല്ലാവരുടെയും മുന്നിൽ വച്ചാണ് അയാൾ ചീത്ത പറഞ്ഞത്. ഇത് കഴിക്കാൻ വേണ്ടിയാണോ വന്നതെന്ന് ചോദിച്ചു. പിന്നീട് വന്ന് എന്നോട് ക്ഷമ പറഞ്ഞു. ആദ്യമായിട്ട് വരുന്ന കുട്ടികളെ ലൊക്കേഷനുകളിൽ വളരെയധികം ചൂഷണം ചെയ്യാറുണ്ട്. എന്തെങ്കിലും തിരിച്ച് പറഞ്ഞാൽ അഹങ്കാരമാണെന്ന് പറയും. ഇപ്പോഴുള്ള ഒരു സമൂഹത്തിൽ പെൺകുട്ടിക്ക് എന്ത് സംഭവിച്ചാലും എല്ലാവരും വെറുതെ കെയ്യും കെട്ടി നോക്കി നിൽക്കുക മാത്രമേ ചെയ്യുകയുള്ളൂവെന്നും അനുമോൾ പറഞ്ഞു.















