ബ്രൂണെ: ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രൂണെയിലെത്തി. ബ്രൂണെ സുൽത്താൻ ഹാജി ഹസ്സനൽ ബോൾകിയയുടെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി ബ്രൂണെയിലെത്തിയത്. ബന്ദർ സെരി ബെഗവാൻ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിക്ക് ഉജ്ജ്വല വരവേൽപ്പാണ് ബ്രൂണെ ഭരണകൂടം നൽകിയത്. ഒരു ഇന്ത്യൻ പ്രധാനമന്ത്രി ആദ്യമായാണ് ബ്രൂണെയിലെത്തുന്നത് എന്ന സവിശേഷത കൂടി ഈ സന്ദർശനത്തിനുണ്ട്.
ബ്രൂണെയും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 40 വർഷം ആഘോഷിക്കുന്ന സുപ്രധാന വേളയിലാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുമെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. സുൽത്താൻ ഹാജി ഹസനാൽ ബോൾകിയയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.
പ്രതിരോധം, വ്യാപാരം, നിക്ഷേപം, ഊർജം, ബഹിരാകാശം, സാങ്കേതികവിദ്യ, ആരോഗ്യം എന്നീ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി- നയതന്ത്ര ബന്ധം വളർത്തുക എന്നതാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. ബ്രൂണെയിലെ സന്ദർശനം പൂർത്തിയാക്കിയ ശേഷം പ്രധാനമന്ത്രി സിംഗപ്പൂരിലേക്ക് തിരിക്കും. ഇന്നും നാളെയും ബ്രൂണെയിലും അഞ്ചാം തിയതി സിംഗപ്പൂരിലുമാണ് സന്ദർശനം നടത്തുക.
സിംഗപ്പൂർ പ്രസിഡന്റ് തർമൻ ഷൺമുഖരത്‌നം, പ്രധാനമന്ത്രി ലോറൻസ് വോങ് എന്നിവരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. സിംഗപ്പൂരും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കുമെന്നും ഡിജിറ്റലൈസേഷൻ, പ്രതിരോധം, സുരക്ഷ എന്നീ മേഖലകൾ കേന്ദ്രീകരിച്ച് ചർച്ച നടത്തുമെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.















