കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാജിവക്കണമെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. സമീപകാലത്ത് പീഡനങ്ങൾ റിപ്പോർട്ട് ചെയ്ത എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരും രാജിവക്കണമെന്ന വിചിത്ര പ്രസ്താവനയും മമത നടത്തി. ബംഗാൾ നിയമസഭയിൽ പീഡന വിരുദ്ധ ബില്ല് അവതരിപ്പിച്ചു സംസാരിക്കവേയാണ് മമതയുടെ പ്രസ്താവന.
കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജിൽ ജൂനിയർ വനിതാ ഡോക്ടർ ക്രൂരമായി പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ ബംഗാൾ സർക്കാരിനെതിരായ പ്രതിഷേധം ഇനിയും കെട്ടടങ്ങിയിട്ടില്ല. ഇതിനിടയിലാണ് അപരാജിത എന്ന പേരിൽ പീഡന വിരുദ്ധ ബില്ലുമായി മമത രാഷ്‌ട്രീയ നാടകവുമായി രംഗത്തെത്തിയത്.
ബലാത്സംഗവും ലൈംഗിക അതിക്രമവും ഉൾപ്പെടെ സ്ത്രീകളും കുട്ടികളും നേരിടുന്ന അക്രമങ്ങളിൽ നിന്നും അവരെ സംരക്ഷിക്കുന്ന ശക്തമായ നിയമമാണ് അവതരിപ്പിച്ചതെന്നാണ് മമതയുടെ വാദം. ആർജി കാർ മെഡിക്കൽ കോളേജ് പ്രശ്‌നത്തിൽ സംസ്ഥാനത്തെ ജൂനിയർ ഡോക്ടർമാർ ഇപ്പോഴും പ്രതിഷേധം തുടരുകയാണ്. സംഭവത്തിന് പിന്നാലെ പ്രതികളെ സംരക്ഷിക്കാൻ സർക്കാരും പൊലീസും ശ്രമിച്ചതാണ് ജനങ്ങളെ പ്രകോപിപ്പിച്ചത്.
കൊൽക്കത്തയിലുൾപ്പെടെ രാജ്യവ്യാപകമായി ബംഗാൾ സർക്കാരിനെതിരെ ശക്തമായ പ്രതിഷേധമാണുയർന്നത്. സംഭവം മമതയ്‌ക്ക് രാഷ്‌ട്രീയമായും വലിയ തിരിച്ചടിയായിരുന്നു. പ്രതിഷേധങ്ങളെ പൊലീസിനെ വച്ച് അടിച്ചമർത്താൻ നടത്തിയ നീക്കത്തിലും വിമർശനം ഉയർന്നിരുന്നു.