ലക്‌നൗ: സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിനെയും അമ്മാവൻ ശിവപാൽ യാദവിനെയും കടന്നാക്രമിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സമാജ്‌വാദി പാർട്ടിയുടെ ഭരണകാലത്ത് സംസ്ഥാനത്തെ എല്ലാ സർക്കാർ ജോലികൾക്കും പണം തട്ടിയെടുത്തിരുന്നുവെന്ന് അദ്ദേഹം തുറന്നടിച്ചു. മെയിൻപൂരിലെ പൊതുറാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
” ഒഴിവാക്കപ്പെട്ടാലും വീണ്ടും അതേ സ്ഥാനത്ത് തുടരുന്ന ശിലമാണ് ശിവപാലിനുള്ളത്. 2017ന് മുമ്പ് സർക്കാർ ജോലികൾക്ക് പണം വാങ്ങിയിരുന്നത് ശിവപാലും അഖിലേഷ് യാദവും ചേർന്നായിരുന്നു. എന്നാൽ ലഭിക്കുന്ന പണം വർദ്ധിക്കാൻ തുടങ്ങിയതോടെ മരുമകൻ അമ്മാവനെ വെട്ടി, ഒറ്റയ്‌ക്കടിച്ചു മാറ്റാൻ ശ്രമിച്ചു. വികസനത്തിന്റെ പേരിലും അവർ പണം തട്ടി. സ്വന്തം സ്വാർത്ഥ താത്പര്യങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നവരാണ് സമാജ്‌വാദി നേതാക്കൾ”.- യോഗി ആദിത്യനാഥ് പറഞ്ഞു.
വിവിഐപികളുടെ ജില്ലയെന്നായിരുന്നു ഒരുകാലത്ത് മെയിൻപുരി അറിയപ്പെട്ടിരുന്നത്. എന്നാൽ എന്തുകൊണ്ടാണ് ഇവിടെ വികസനപ്രവർത്തനങ്ങളിൽ കാലതാമസം നേരിടുന്നതെന്നും അദ്ദേഹം ചോദിച്ചു. ഋഷിവര്യമാരുടെ നാടാണ് മെയിൻപുരി. എന്നാൽ സമാജ്‌വാദി നേതാക്കൾ മെയിൻപുരിയുടെ സാമൂഹിക ഘടന തന്നെ ഇല്ലാതാക്കിയെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.















