ബെംഗളൂരു: ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ ഡെങ്കിപ്പനി വ്യാപനത്തെ അഭിമുഖീകരിക്കുന്ന സാഹചര്യത്തിൽ രോഗത്തെ പകർച്ചവ്യാധിയായി പ്രഖ്യാപിച്ച് കർണാടക. പ്രതിരോധ നടപടികളുടെ ഭാഗമായി പിഴ ഉൾപ്പെടെയുള്ള കർശന നിയമങ്ങൾ സർക്കാർ ചുമത്തിയിട്ടുണ്ട്. കൊതുകിന്റെ പ്രജനന കേന്ദ്രങ്ങൾ തടയുന്നതിനുള്ള നിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ വീടുകൾക്കും വ്യാപാര സ്ഥാപങ്ങൾക്കും സർക്കാർ പിഴ ചുമത്തും.
സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിതരുടെ എണ്ണം 24,500 കവിഞ്ഞു. 2023 ൽ റിപ്പോർട്ട് ചെയ്തതിനേക്കാൾ 5000 കേസുകൾ ഇത്തവണ അധികമായി സ്ഥിരീകരിച്ചിട്ടുണ്ട്. മരണ സംഖ്യ കൂടുതൽ ഉയരുന്നതിനു മുൻപ് പ്രതിരോധ നടപടികൾ ശക്തമാക്കുകയാണ് ലക്ഷ്യം. കർണാടക എപ്പിഡെമിക് ഡിസീസ് ആക്ട് 2020 പ്രകാരമാണ് നിർദ്ദേശങ്ങൾ നൽകിയിരിക്കുന്നത്.
ബെംഗളൂരു മുൻസിപ്പൽ കോർപ്പറേഷനും (ബൃഹത് ബെംഗളൂരു മഹാനഗര പാലികെ) മറ്റ് ജില്ലകളിലെ ഡെപ്യൂട്ടി കമ്മീഷണർമാർക്കുമാണ് വീടുകളും സ്ഥാപനങ്ങളും പരിശോധിച്ച് കൊതുകുപെരുകുന്നത് തടയുന്നതിനുള്ള നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്ന ചുമതല. പൂച്ചട്ടികളിലോ ബക്കറ്റുകളിലോ കോമ്പൗണ്ടിനുള്ളിലെ ഏതെങ്കിലും സ്ഥലത്തോ വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കണം. വീഴ്ചകൾ കണ്ടെത്തിയാൽ 400 രൂപ മുതൽ 2000 രൂപ വരെ പിഴ ഈടാക്കാം . നിയമങ്ങൾ പാലിക്കാത്ത വീടുകൾക്ക് നഗരപ്രദേശങ്ങളിൽ 400 രൂപയും ഗ്രാമപ്രദേശങ്ങളിൽ നിന്ന് 200 രൂപയുമാണ് പിഴ.
ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോട്ടലുകൾ, റിസോർട്ടുകൾ, കടകൾ, മാളുകൾ, സിനിമാ ഹാളുകൾ, വർക്ക്ഷോപ്പുകൾ, ഗാർഡനുകൾ എന്നിവയുൾപ്പെടെയുള്ള വാണിജ്യ സ്ഥാപനങ്ങൾക്ക് നഗരപ്രദേശങ്ങളിൽ 1000 രൂപയും ഗ്രാമപ്രദേശങ്ങളിൽ 500 രൂപയും പിഴ അടയ്‌ക്കേണ്ടിവരും.















