കൊൽക്കത്ത: ആർജി കാർ മെഡിക്കൽ കോളേജിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ കോളേജ് മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെ സിബിഐ കസ്റ്റഡിയിൽ വിട്ടു. എട്ട് ദിവസത്തേക്കാണ് ഇയാളെ സിബിഐയുടെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. അറസ്റ്റിലായ മൂന്ന് പേരെയും 10 ദിവസത്തെ കസ്റ്റഡിയിൽ വേണമെന്ന് സിബിഐ ആവശ്യപ്പെട്ടിരുന്നു. എന്നാൽ എട്ട് ദിവസമാണ് കോടതി അനുവദിച്ചത്.
സെപ്റ്റംബർ 10-ന് പ്രതികളെ വീണ്ടും കോടതിയിൽ ഹാജരാക്കും. കേസുമായി ബന്ധപ്പെട്ട് സന്ദീപ് ഘോഷ്, ബിപ്ലവ് സിംഹ, സുമൻ ഹസ്റ എന്നിവരെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. ആശുപത്രി നടത്തിപ്പിൽ വ്യാപകമായ അഴിമതി നടന്നതായും ഇവർ വിവിധ ക്രമക്കേടുകളിൽ പങ്കാളികളായിട്ടുണ്ടെന്നും സിബിഐ കണ്ടെത്തി.
ട്രെയിനി ഡോക്ടറുടെ കൊലപാതകത്തിന് ദിവസങ്ങൾക്ക് പിന്നാലെ സന്ദീപ് ഘോഷ് പ്രിൻസിപ്പൽ സ്ഥാനം രാജിവച്ചിരുന്നു. ആശുപത്രിയിലെ സാമ്പത്തിക ക്രമക്കേട്, കൈക്കൂലി, ബയോമെഡിക്കൽ മാലിന്യക്കടത്ത് തുടങ്ങിയ നിരവധി നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ സന്ദീപ് ഘോഷ് ഏർപ്പെട്ടിട്ടുണ്ടെന്ന് സിബിഐ കണ്ടെത്തി. ഇതിന് പിന്നാലെ സന്ദീപ് ഘോഷിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ ഡെപ്യൂട്ടി സൂപ്രണ്ടും രംഗത്തെത്തിയിരുന്നു.
കോളേജുമായി ബന്ധപ്പെട്ട് എല്ലാ ടെൻഡറുകൾക്കും 20 ശതമാനം കൈക്കൂലിയാണ്
കരാറുകാരിൽ നിന്നും സന്ദീപ് ഘോഷ് ഈടാക്കിയിരുന്നത്. ബയോമെഡിക്കൽ മാലിന്യങ്ങൾ പോലും മറിച്ച് വിറ്റ് പണം വാങ്ങിയിരുന്നു. തോറ്റ വിദ്യർത്ഥികളെ ജയിപ്പാക്കാനായി വൻ തുക കൈപ്പറ്റിയിരുന്നുവെന്നും സിബിഐ കണ്ടെത്തി.