എറണാകുളം: ഹെയർ സ്റ്റൈലിസ്റ്റിന്റെ ആരോപണങ്ങൾ സംഘടനയെ തകർക്കാൻ വേണ്ടിയാണെന്ന് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ദുരനുഭവം ഇല്ലാത്തവരായി ആരും ഉണ്ടാകില്ലെന്നും ഇതിലേക്ക് തങ്ങളുടെ പേര് വലിച്ചിട്ടതിനെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. കൊച്ചിയിൽ നടന്ന വാർത്താ സമ്മേളനത്തിലായിരുന്നു പ്രതികരണം.
സിനിമാ മേഖലയിലുള്ള എല്ലാവരും ഇങ്ങനെയാണ് പണം സമ്പാദിക്കുന്നത് എന്ന രീതിയിലാണ് ഹെയർ സ്റ്റൈലിസ്റ്റ് സംസാരിച്ചത്. ഞങ്ങൾ ഇതിനെതിരെ ശക്തമായി പോരാടാൻ തീരുമാനിച്ചിരിക്കുകയാണ്. ഇവർക്കെതിരെ മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നൽകും. ഞങ്ങളുടെ പേര് സഹിതം പറഞ്ഞ് അപമാനിച്ചതിന് നിയമപരമായി തന്നെ നേരിടുമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
സിനിമാ മേഖലയിൽ നിന്ന് നേരിട്ട അനുഭവം മാദ്ധ്യമങ്ങളോട് തുറന്നുപറഞ്ഞതിന് ഭാഗ്യലക്ഷ്മി തന്നെ ശകാരിച്ചുവെന്നാണ് ഹെയർ സ്റ്റൈലിസ്റ്റ് ആരോപിച്ചത്. മലർന്ന് കിടന്ന് തുപ്പരുതെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞുവെന്നും തന്നെ ഫെഫ്ക യോഗത്തിൽ വച്ച് അപമാനിച്ചുവെന്നുമാണ് പരാതിക്കാരിയായ തൃശൂർ സ്വദേശിനി പറഞ്ഞത്.
എന്നാൽ, ഇതിന് പിന്നാലെ തന്നെ യുവതിയുടെ ആരോപണം ഭാഗ്യലക്ഷ്മി നിഷേധിച്ചിരുന്നു. താൻ ആരെയും ശാസിച്ചിട്ടില്ലെന്നും യോഗത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാം എന്നുമായിരുന്നു ഭാഗ്യലക്ഷ്മിയുടെ പ്രതികരണം.