തിരുവനന്തപുരം: ചലച്ചിത്ര നടി റിമ കല്ലിങ്കലിനും ഭർത്താവ് ആഷിഖ് അബുവിനും എതിരെ ഉയർന്ന ആരോപണം ചർച്ച ചെയ്യാൻ പോലും ആരും തയ്യാറാകുന്നില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഏതെങ്കിലും രാഷ്‌ട്രീയ പാർട്ടി പ്രതികരിച്ചില്ല. ഈ വിഷയം പൊതുസമൂഹത്തിന് മുൻപിൽ ചർച്ച ചെയ്യണമെന്ന തീരുമാനമെടുത്തത് ബിജെപി മാത്രമാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
കൊച്ചിയിൽ ഇവരുടെ നേതൃത്വത്തിൽ മയക്കുമരുന്ന് പാർട്ടികൾ നടത്തുകയും പെൺകുട്ടികൾ ചൂഷണം ചെയ്യപ്പെടുകയും ചെയ്യുന്നുവെന്ന ഗുരുതരമായ ആരോപണം ആരും ചർച്ച ചെയ്യാൻ തയ്യാറായില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അപ്രധാനമായ ആരോപണം ദിവസങ്ങളോളം ചർച്ച ചെയ്ത മാദ്ധ്യമങ്ങൾ ഒരു വാക്ക് പോലും അതിനെക്കുറിച്ച് പറയാൻ തയ്യാറായില്ല. ബിജെപി മാത്രമാണ് ഇത് ചർച്ച ചെയ്യപ്പെടണം എന്ന ഉറച്ച നിലപാട് സ്വീകരിച്ചിട്ടുളളതെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ബിജെപി മെമ്പർഷിപ്പ് കാമ്പയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ട് പ്രമുഖൻമാർ പൊളിറ്റിക്കൽ സെക്രട്ടറിയും ക്രമസമാധാന ചുമതലയുളള എഡിജിപിയും സ്വർണക്കളളക്കടത്ത് നടത്തുന്നു, ഡ്രഗ് ട്രാഫിക്കിംഗ് പ്രോത്സാഹിപ്പിക്കുന്നു മാഫിയ സംഘങ്ങളെ സഹായിക്കുന്നു, കളളക്കടത്ത് സംഘങ്ങൾക്ക് വളം വെച്ചു കൊടുക്കുന്നുവെന്ന് കമ്യൂണിസ്റ്റ് പാർട്ടിയുടെ തന്നെ എംഎൽഎ പറഞ്ഞിട്ട് മണിക്കൂറുകൾ കഴിഞ്ഞു. ഉടൻ അന്വേഷണം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പക്ഷെ ഒരു നടപടിയും ഉണ്ടായില്ലെന്ന് കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി. കുറ്റക്കാരെ സംരക്ഷിക്കാനുളള നീക്കമാണുണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗായിക സുചിത്രയാണ് റിമയ്‌ക്കും ആഷിഖ് അബുവിനുമെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചത്. ഒരു തമിഴ് ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ പരാമർശത്തിലാണ് കൊച്ചിയിൽ ഇരുവരുടെയും നേതൃത്വത്തിൽ ഡ്രഗ് പാർട്ടികൾ നടത്താറുണ്ടായിരുന്നുവെന്നും പെൺകുട്ടികൾ ഉൾപ്പെടെ ഇതിൽ പങ്കെടുത്തിട്ടുണ്ടെന്നും തുറന്നടിച്ചത്.















