തിരുവനന്തപുരം: എഡിജിപി അജിത് കുമാറിന് ബിജെപി ചായ്വുണ്ടെന്ന ആരോപണങ്ങളിൽ രൂക്ഷ വിമർശനവുമായി മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ. ശബരിമല പ്രക്ഷോഭം നടന്നപ്പോൾ ഭക്തരെ തല്ലിയൊതുക്കാൻ നിർദേശം നൽകിയ ആളാണ് അജിത് കുമാറെന്നും രാഷ്‌ട്രീയ നേട്ടത്തിന് വേണ്ടിയാണ് ചിലർ ബിജെപിയെ ഇതിലേക്ക് വലിച്ചിടുന്നതെന്നും മുരളീധരൻ പറഞ്ഞു.
അജിത് കുമാർ ബിജെപിയുടെ ആളാണെന്നാണ് ചിലർ പറയുന്നത്. ഇത് തെറ്റാണെന്ന് ഏതൊരു മലയാളിക്കും മനസിലാകുന്ന കാര്യമാണ്. ശബരിമലയിൽ പ്രക്ഷോഭം നടന്നപ്പോൾ ഭക്തരെ തല്ലിയൊതുക്കാൻ അജിത് കുമാർ അവിടെ ഉണ്ടായിരുന്നു. ഒരു തരത്തിലും ഇതിനെ ന്യായീകരിക്കാനാകില്ല.
അജിത് കുമാറിന്റെ അധോലോക ബന്ധവും ഇടപാടുകളും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. 15 കോടി വില വരുന്ന വസ്തുവിലാണ് മൂന്നുനില വീട് പണിയുന്നതെന്ന് ഇന്നലെ പുറത്തുവന്ന കണക്കുകളിൽ വ്യക്തമാണ്. എവിടെ നിന്നാണ് ഇത്രയും വലിയ വരുമാനം അദ്ദേഹത്തിന് ലഭിക്കുന്നത്. അദ്ദേഹത്തിന്റെ പൈതൃക സ്വത്താണോ ഈ വരുമാനം.
രാജാവ് നഗ്നനാണെന്ന് വിളിച്ച് പറയാൻ തന്റേടമുള്ള ആളുകൾ ഇന്നും കേരളത്തിലുണ്ട്. എല്ലാവരെയും നിശബ്ദരാക്കാൻ പിണറായി വിജയന് സാധിക്കില്ല. ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുന്ന ആളാണ് സുരേഷ് ഗോപി. അഴിമതിക്കാർക്കും അധോലോക സംഘങ്ങൾക്കും കള്ളക്കടത്തുകാർക്കും കൂട്ടുപിടിക്കുന്ന ആളല്ല അദ്ദേഹമെന്നും വി മുരളീധരൻ പറഞ്ഞു.