ബന്ദർ സെരി ബെഗാവൻ: ബ്രൂണെയിലെ പ്രശസ്തമായ ഒമർ അലി സൈഫുദ്ദീൻ പള്ളി സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ചൊവ്വാഴ്ചയാണ് പ്രധാനമന്ത്രി ബ്രൂണെയിലെത്തിയത്. തലസ്ഥാനനഗരമായ ബന്ദർ സെരി ബെഗാവാനിലുള്ള പള്ളിയിലെത്തിയ മോദിയെ മതകാര്യ മന്ത്രി പെഹിൻ ഡാറ്റോ ഉസ്താസ് ഹാജി അവാങ് ബദറുദ്ദീൻ സ്വീകരിച്ചു. ബ്രൂണെയിലെ ആരോഗ്യമന്ത്രി ഡോ. ഹാജി മുഹമ്മദ് ഇഷാമും സന്നിഹിതനായിരുന്നു.
ബ്രൂണെയിലുള്ള ഇന്ത്യൻ സമൂഹത്തിലെ പ്രതിനിധികളും പള്ളിയിൽ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ എത്തിയിരുന്നു. ബ്രൂണെയിലെ 28-ാമത് സുൽത്താനായ ഒമർ അലി സൈഫുദ്ദീൻ മൂന്നാമന്റെ പേരിലാണ് ഈ പള്ളി അറിയപ്പെടുന്നത്. ഇപ്പോഴത്തെ സുൽത്താന്റെ പിതാവാണ് അദ്ദേഹം. ഒമർ അലി സൈഫുദ്ദീൻ മൂന്നാമൻ തുടങ്ങിവച്ച പള്ളിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ 1958-ൽ പൂർത്തിയായി. രാജ്യത്തെ ഏറ്റവും വലുതും പഴക്കമുള്ളതുമായ പള്ളികളിൽ ഒന്നാണിത്. നേരത്തെ ബ്രൂണെയിലെ ഇന്ത്യൻ ഹൈക്കമ്മീഷന്റെ പുതിയ കെട്ടിടവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു. ഉദ്‌ഘാടന ചടങ്ങിൽ അദ്ദേഹം ദീപം തെളിക്കുകയും ഫലകം അനാച്ഛാദനം ചെയ്യുകയും ചെയ്തു.
ചടങ്ങിലെത്തിയ ബ്രൂണെയിലെ ഇന്ത്യൻ സമൂഹവുമായി പ്രധാനമന്ത്രി സംവദിച്ചു. ഇരുരാജ്യങ്ങൾക്കുമിടയിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൽ അവർ നൽകിയ സംഭാവനകളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഏകദേശം 14,000 ഇന്ത്യക്കാരാണ് ബ്രൂണെയിൽ താമസിക്കുന്നത്. ബ്രൂണെയുടെ ആരോഗ്യ, വിദ്യാഭ്യാസ മേഖലകളുടെ വളർച്ചയ്‌ക്കും വികാസത്തിനും ഇന്ത്യൻ ഡോക്ടർമാരുടെയും അദ്ധ്യാപകരുടെയും സംഭാവനകൾ വിലപ്പെട്ടതാണ്.