കോഴിക്കോട്: മുഖ്യമന്ത്രിയും പരിവാരങ്ങളും കൊട്ടിഘോഷിച്ച് കേരളം ചുറ്റിയ നവകേരള ബസ് കട്ടപ്പുറത്തായ വാർത്ത പുറത്തുവന്നതോടെ ബസ് ബെംഗളൂരുവിലേക്ക് മാറ്റി. കോഴിക്കോട് റീജിയണൽ വർക്ക്ഷോപ്പിലായിരുന്ന ബസ് അറ്റകുറ്റപ്പണികളുടെ പേര് പറഞ്ഞാണ് നാടുകടത്തിയത്.
ബസ് നിർമ്മിച്ച പ്രകാശ് കോച്ച് ബിൽഡേഴ്സ് പ്രൈവറ്റ് ലിമിറ്റഡിലേക്കാണ് ബസ് മാറ്റിയത്. ബസിലെ ശൗചാലയം പൊളിച്ചു മാറ്റി സീറ്റുകളുടെ എണ്ണം കൂട്ടാൻ ആണ് നീക്കം. കഴിഞ്ഞ ഒരു മാസമായി അറ്റകുറ്റപ്പണിക്കെന്ന പേരിൽ ബസ് കോഴിക്കോട് പിടിച്ചിട്ടിരിക്കുകയായിരുന്നു. നവകേരള യാത്രയ്‌ക്ക് ശേഷം കോഴിക്കോട്-ബെംഗളൂരു റൂട്ടിൽ ബസ് സർവീസ് നടത്തിയിരുന്നു.
26 പുഷ് ബാക്ക് സീറ്റുകളോട് കൂടിയ എസി ബസിൽ 1,171 രൂപയാണ് നിരക്ക്. ഹൈഡ്രോളിക് ലിഫ്റ്റ്, ശുചിമുറി, ടെലിവിഷൻ, മ്യൂസിക് സിസ്റ്റം, മൊബൈൽ ചാർജർ സൗകര്യങ്ങളുമുണ്ട്. പുലർച്ചെ നാലിന് കോഴിക്കോട് നിന്ന് പുറപ്പെട്ട് ഉച്ചയോടെ ബംഗളൂരുവിലെത്തി ഉച്ചയ്‌ക്ക് 2.30-ന് കോഴിക്കോടേക്ക് തിരിക്കുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചത്.
സമയക്രമവും ഉയർന്ന നിരക്കും യാത്രക്കാരെ പിന്നോട്ടടിച്ചു. യാത്രക്കാർ ഇല്ലാത്തതിന്റെ പേരിൽ സർവീസും മുടങ്ങിയിരുന്നു. യാത്രക്കാരില്ലെങ്കിലും ബസ് യഥാസമയം സർവീസ് നടത്തണമെന്ന് അധികൃതർ നിലപാട് എടുത്തതോടെ വീണ്ടും ബസ് ഓടിത്തുടങ്ങി. ഇതിനിടയിൽ ബാത്ത്റൂം ടാങ്കിൽ ചോർച്ച വന്നു. ഇത് പരിഹരിക്കാൻ ബസ് വർക്‌ഷോപ്പിലേക്ക് മാറ്റിയത്. കോഴിക്കോട് റീജിയണൽ വർക്ക്ഷോപ്പിൽ പൊടിപ്പിടിച്ച് കിടക്കുകയായിരുന്നു. ഇതിനിടെയാണ് ശാപമോക്ഷം.















