ഇസ്ലാമാബാദ്: വിവാഹാഭ്യാർത്ഥന നിരസിച്ചതിന്റെ പേരിൽ 40കാരിയെ പിതാവിന്റെ മുന്നിൽ വച്ച് വെടിവച്ച് കൊലപ്പെടുത്തി. പാകിസ്താനിലെ ഖൈബർ പഖ്തുൻഖ്വയിലാണ് സംഭവം. സ്‌കൂൾ അദ്ധ്യാപികയാണ് കൊല്ലപ്പെട്ട യുവതി. വെടിയുതിർത്തതിന് ശേഷം അക്രമി ഓടിരക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അക്രമി നേരത്തേയും തന്റെ മകളെ ഉപദ്രവിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും, ഇത് സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയിട്ടും അവർ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും കൊല്ലപ്പെട്ട യുവതിയുടെ പിതാവ് ആരോപിച്ചു. പാകിസ്താന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ വർദ്ധിച്ച് വരുന്നതായി നിരവധി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. കഴിഞ്ഞ ജൂൺ മാസത്തിൽ ഖൈബർ പഖ്തുൻഖ്വയിൽ അദ്ധ്യാപികയായ യുവതിയെ കൊലപ്പെടുത്തിയിരുന്നു.
മർദാൻ ജില്ലയിലാണ് 22കാരിയായ യുവതി കൊല്ലപ്പെട്ടത്. വിവാഹം കഴിഞ്ഞ് ഒൻപത് മാസത്തിന് ശേഷമാണ് 22കാരിയായ യുവതിക്കെതിരെ അതിക്രമം ഉണ്ടായത്. ഈ സംഭവത്തിലും പൊലീസ് അന്വേഷണം നടത്തിയെങ്കിലും പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല. ഇതേ മാസം തന്നെ സ്വന്തം ഇഷ്ടത്തിന് വിവാഹം കഴിച്ചതിന്റെ പേരിൽ സഹോദരിമാരായ പെൺകുട്ടികൾ കൊല്ലപ്പെട്ട സംഭവവും ഉണ്ടായിരുന്നു. വീട്ടുകാരുടെ എതിർപ്പിനെ മറികടന്നാണ് ഇവർ ഇഷ്ടപ്പെട്ട ആളുകളെ വിവാഹം കഴിച്ചത്. ഒടുവിൽ പഞ്ചായത്ത് തീരുമാനപ്രകാരം ഇവരെ തിരികെ എത്തിച്ച ശേഷം അച്ഛനും സഹോദരനും അമ്മാവനും ചേർന്ന് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു.















