സ്റ്റോക്ക് ഹോം: 2 വയസ്സിന് താഴെയുള്ള കുട്ടികൾ മൊബൈൽ ഫോണുകളും ടിവിയും ഉപയോഗിക്കുന്നത് നിരോധിച്ച് സ്വീധിഷ് സർക്കാർ. ഇതിനായി സ്വീഡനിലെ പബ്ലിക് ഹെൽത്ത് ഏജൻസി പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ഇതിലൂടെ ഉറക്കക്കുറവും മാനസികാരോഗ്യ പ്രശ്‌നങ്ങളും ഉൾപ്പെടെ അമിത സ്‌ക്രീൻ സമയവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങൾ പരിഹരിക്കാനാണ് ലക്ഷ്യമിടുന്നത്.
സെൽഫോണിന്റെ അമിതമായ ഉപയോഗം മൂലം കുട്ടികളും വിഷാദരോഗം, ശ്രദ്ധക്കുറവ്, ഉറക്കക്കുറവ് തുടങ്ങിയ പ്രശ്നങ്ങൾ അനുഭവിക്കുന്നതായി സർക്കാരിന്റെ ഷാർദ്ധയിൽപ്പെട്ടിരുന്നു . ഇതേത്തുടർന്നാണ് സ്വീഡനിൽ കുട്ടികൾ സെൽഫോൺ ഉപയോഗിക്കുന്നത് നിരോധിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കിയത്.
പുറത്തു വന്ന നിർദേശമനുസരിച്ച് 2 വയസ്സിന് താഴെയുള്ള കുട്ടികൾ മൊബൈൽ ഫോണുകളും ടിവികളും ഉപയോഗിക്കരുത്. ഇവ കാണാൻ രക്ഷിതാക്കൾ അനുവദിക്കരുത്. 2 മുതൽ 5 വയസ്സുവരെയുള്ള കുട്ടികൾക്ക് പ്രതിദിനം പരമാവധി 1 മണിക്കൂറും 6 മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്ക് 2 മണിക്കൂർ വരെയും സെൽ ഫോണുകൾ ഉപയോഗിക്കാം.
13 നും 18 നും ഇടയിൽ പ്രായമുള്ളവർക്ക് പരമാവധി 3 മണിക്കൂർ സെൽ ഫോൺ മാത്രം ഉപയോഗിക്കാൻ നല്കാൻ മാതാപിതാക്കളോട് സ്വീഡിഷ് ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി.
യുവാക്കൾക്കിടയിലെ സ്‌ക്രീൻ എക്‌സ്‌പോഷർ കുറയ്‌ക്കുന്നതിനുള്ള ശ്രമങ്ങൾക്ക് അനുസൃതമായാണ് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ എന്ന് സ്വീഡിഷ് സർക്കാർ പറയുന്നു. മാർഗ്ഗനിർദ്ദേശങ്ങൾ സ്‌ക്രീൻ സമയം പരിമിതപ്പെടുത്തുന്നതിന് മാത്രമല്ല, ശീലങ്ങൾ മാറ്റുന്നതും കൂടിയാണ്. ഉറക്കത്തിനു തൊട്ടു മുമ്പ് സ്‌ക്രീൻ ഉപയോഗം നിയന്ത്രിക്കാൻ ആരോഗ്യ ഏജൻസി രക്ഷിതാക്കളോട് നിർദ്ദേശിക്കുന്നു. ഇതനുസരിച്ച് മെച്ചപ്പെട്ട ഉറക്ക ശുചിത്വം പ്രോത്സാഹിപ്പിക്കുന്നതിന് രാത്രിയിൽ കുട്ടികളുടെ കിടപ്പുമുറിയിൽ നിന്ന് ഫോണുകളും ടാബ്‌ലെറ്റുകളും മാറ്റാൻ ശുപാർശ ചെയ്യുകയും ചെയ്യുന്നു.















