ഭാരം കുറയ്‌ക്കുന്നവർ നിസംശയം നോ പറയുന്നത് എണ്ണയോടും എണ്ണ ചേർന്ന ആഹാരത്തോടുമായിരിക്കും. ഭക്ഷണക്രമത്തിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് എണ്ണ. ഒലിവ് ഓയിലും നെയ്യുമൊക്കെ പാചകത്തിന് ഉപയോഗിക്കുന്നു. ഇവ കൂടുതലും മണത്തിനും രുചിക്കുമായാണ് ചേർക്കുന്നത്. പോഷകങ്ങൾ ആഗിരണം ചെയ്യുന്നതിനും ഊർജ്ജം നിർമിക്കാനാവശ്യമായ കൊഴുപ്പും നൽകുന്നു.
നല്ല എണ്ണകൾ ശരീരത്തിന് പ്രധാനമാണ്.ഗുണങ്ങളുണ്ടെങ്കിലും എണ്ണ പലരുടെയും പേടി സ്വപ്നമാണ്. ഹൃദയത്തിന്റെ ആരോഗ്യത്തിനും ശരീരഭാരം നിയന്ത്രിക്കുന്നതിനും എണ്ണ ഒഴിവാക്കണമെന്ന് നിരന്തരം കേൾക്കുന്നവരായിരിക്കും ഭൂരിഭാഗം പേരും. എണ്ണകളെ കുറിച്ചുള്ള ചില മിഥ്യാധാരണകൾ ഇതാ..
1. എണ്ണയിലെ കൊഴുപ്പ് അനാരോഗ്യകരം
എണ്ണകളെ കൊഴുപ്പ് അനാരോഗ്യമാണെന്നതാണ് ആദ്യത്തെ തെറ്റിദ്ധാരണ പടർത്തുന്ന കാര്യം. പലതരം കൊഴുപ്പുകളാണ് എണ്ണയിൽ അടങ്ങിയിട്ടുള്ളത്. പൂരിത, അപൂരിത, ട്രാൻസ് ഫാറ്റുകൾ എന്നിങ്ങനെ മൂന്ന് തരത്തിലുള്ള കൊഴുപ്പ് ഇതിലടങ്ങിയിട്ടുണ്ട്. ട്രാൻസ് ഫാറ്റുകളും അമിതമായ പൂരിത കൊഴുപ്പുകളും ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കും. എന്നാൽ ഒലിവ്, കനോല, അവോക്കാഡോ തുടങ്ങിയ എണ്ണകളിൽ കാണപ്പെടുന്ന അപൂരിത കൊഴുപ്പുകൾ ശരീരത്തിന് ഗുണം ചെയ്യുന്നുവെന്ന് പോഷകാഹാര വിദഗ്ധനായ എശാങ്ക വാഹി പറയുന്നു. ഈ കൊഴുപ്പുകൾ ചീത്ത ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്‌ക്കുന്നു.
2. എണ്ണകളിൽ മികച്ചത് വെളിച്ചെണ്ണ
എണ്ണകളിൽ രാജാവെന്നാണ് വെളിച്ചെണ്ണയെ നാം വാഴ്‌ത്തുന്നത്. നിരവധി ഗുണങ്ങളുണ്ടെങ്കിലും ഹാർവാർഡ് ടിഎച്ച് ചാൻ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിന്റെ അഭിപ്രായത്തിൽ 100 ശതമാനവും വെളിച്ചെണ്ണ കൊഴുപ്പാണ്യ 80 മുതൽ 90 ശതമനാനത്തോളം പൂരിത കൊഴുപ്പാണ്. ഒലിവ് ഓയിലിൽ 14 ശതമാനം മാത്രമാണ് പൂരിയ കൊഴുപ്പ് അടങ്ങിയിട്ടുള്ളത്. പൂരിയ കൊഴുപ്പ് അധികം കഴിച്ചാൽ ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്നു. മിതമായ അളവിൽ വെളിച്ചെണ്ണ ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്നും എന്നാൽ സ്ഥിരം പാചകത്തിനായി ഉപയോഗിക്കരുതെന്നാണ് വിദഗ്ധർ പറയുന്നത്.
3. ഒലിവ് ഓയിൽ ഉപയോഗിച്ച് പാചകം ചെയ്താൽ ഗുണം നഷ്ടപ്പെടും
ആൻ്റിഓക്‌സിഡൻ്റുകളാലും ആരോഗ്യകരമായ കൊഴുപ്പുകളാലും സമ്പന്നമാണ് ഒലിവ് ഓയിലും എക്സ്ട്രാ വെർജിൻ ഒലിവ് ഓയിലുമൊക്കെ. ഇത് പാചകം ചെയ്ത് ഉപയോഗിക്കുന്നത് ഗുണങ്ങൾ ഇല്ലാതാക്കുമെന്നാണ് വിശ്വസം. ഒലിവ് ഓയിൽ ചൂടാക്കുന്നത് ആൻ്റി-ഓക്സിഡൻ്റ് ഗുണങ്ങൾ കുറയ്‌ക്കുമെന്നത് ശരിയാണ്. എന്നിരുന്നാലും മിതമായി ചൂടാക്കിയാൽ പോഷകമൂല്യം കുറയില്ലെന്നാണ് ആൻ്റിഓക്‌സിഡൻ്റ്‌സ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്.
4. സസ്യ എണ്ണകൾ ആരോഗ്യകരമാണ്
വെജിറ്റബിൾ ഓയിൽ അല്ലേ, സേഫാണ് എന്ന് കരുതിയാണ് മിക്ക അടുക്കളയിലും സസ്യ എണ്ണ സ്ഥാനം പിടിക്കുന്നത്. സോയാബീൻ, ചോളം, പാം ഓയിൽ തുടങ്ങിയവയിൽ നിന്നെടുക്കുന്ന എണ്ണയാണ് ഈ പട്ടികയിൽ വരുന്നത്. വളരെയധികം പ്രോസസ് ചെയ്താണ് ഇവ വിപണിയിലെത്തുന്നത്. ഉയർന്ന അളവിൽ ഒമേഗ-3 ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്. ഒമേഗ-3 ഫാറ്റി ആസിഡ് ശരീരത്തിന് ആവശ്യമാണെങ്കിലും അധികമായാൽ അമൃതും വിഷമെന്ന് പറയുന്നത് പോലെ പല രോഗങ്ങളെയും ക്ഷണിച്ച് വരുത്തുമെന്ന് തീർച്ച. ന്യൂട്രിയൻ്റ്സ് ജേണലിൽ ഇത് സംബന്ധിച്ച് പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
5. ശരീരഭാരം കുറയ്‌ക്കാൻ പൂർണമായും എണ്ണ ഒഴിവാക്കുക
എണ്ണയിൽ കലോറി കൂടുതലാണ്. എന്നാൽ ശരീരഭാരം കുറയ്‌ക്കാൻ ഇവ കഴിക്കാതിരിക്കണമെന്ന് അർത്ഥമില്ല. പോഷകങ്ങൾ ശരിയായ രീതിയിൽ ആഗിരണം ചെയ്യുന്നതിനും ഹോർമോൺ ബാലൻസിനുമൊക്കെ എണ്ണ അത്യാവശ്യമാണ്. ഇൻ്റർനാഷണൽ ജേണൽ ഓഫ് മോളിക്യുലാർ സയൻസസിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച് കൊഴുപ്പ് കുറഞ്ഞ ഭക്ഷണത്തേക്കാൾ ശരീരഭാരം കുറയ്‌ക്കാനും ഹൃദയാരോഗ്യത്തിനും ഒലീവ് ഓയിൽ ഗുണം ചെയ്യും. മികച്ച എണ്ണ തെരഞ്ഞെടുക്കുകയാണ് വേണ്ടത്.
6. പാചക എണ്ണ വീണ്ടും ഉപയോഗിക്കാം
പാചക എണ്ണ വീണ്ടും ഉപയോഗിക്കുന്നത് സാധാരണമാണ്. സത്യത്തിൽ ഇത് വൻ ദുരന്തങ്ങളെയാണ് വിളിച്ചുവരുത്തുന്നതെന്ന് സയൻസ് റിപ്പോർട്ടിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ഓരോ തവണയും എണ്ണ ചൂടാക്കുമ്പോൾ അതിലെ ഗുണങ്ങൾ നശിക്കുന്നു. മറിച്ച് ആൽഡിഹൈഡുകൾ പോലുള്ള ഹാനികരമായ സംയുക്തങ്ങൾ പുറത്തുവിടുന്നു. ക്യാൻസറിലേക്കും മറ്റ് ആരോഗ്യപ്രശ്നങ്ങളുമായും ഇത് നയിച്ചേക്കാം.















