വിജയിക്കുന്ന സിനിമകളുടെ ക്രെഡിറ്റിനെ ചൊല്ലി താരങ്ങളേക്കാൾ അവരുടെ ആരാധകരാണ് പ്രശ്നങ്ങൾ ഉണ്ടാക്കുന്നതെന്ന് സ്ത്രീ-2 സിനിമയുടെ സംവിധായകൻ അമർ കൗശിക്. സോഷ്യൽ മീഡിയകളിലാണ് ആരാധകരുടെ തർക്കങ്ങൾ നടക്കുന്നതെന്നും എന്നാൽ സിനിമയ്‌ക്ക് പിന്നിൽ പ്രവർത്തിച്ച ഓരോരുത്തർക്കും സിനിമയിൽ അവകാശമുണ്ടെന്നും അമർ കൗശിക് പറഞ്ഞു. സ്ത്രീ-2 ന്റെ വിജയത്തിന് പിന്നാലെ ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സംവിധായകൻ.
“സിനിമയുടെ ക്രെഡിറ്റുമായി ബന്ധപ്പെട്ട ആരാധകരുടെ തർക്കങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. തങ്ങളുടെ പ്രിയപ്പെട്ട താരത്തിന് ക്രെഡിറ്റ് നൽകണമെന്ന് അവർ പറയുന്നു. ഒരു സിനിമ വിജയിക്കുമ്പോൾ ക്രെഡിറ്റുകളെ ചൊല്ലിയുള്ള തർക്കങ്ങളും പ്രശ്നങ്ങളും ഉണ്ടാകുന്നത് സർവ്വസാധാരണമാണ്. സിനിമയുടെ ക്രെഡിറ്റ് തങ്ങൾക്ക് ലഭിക്കണമെന്ന് അഭിനേതാക്കളും ചിലപ്പോൾ ചിന്തിച്ചിരിക്കാം. ശരിക്കും പറഞ്ഞാൽ ആരാധകർ തർക്കിക്കുന്നത് വെറുതെയാണ്. ക്രെഡിറ്റിന്റെ പേര് പറഞ്ഞ് ഞങ്ങളുടെ ബന്ധത്തിന് ഒരു കോട്ടവും തട്ടിയിട്ടില്ല. സിനിമയുടെ ക്രെഡിറ്റ് ആർക്ക് കിട്ടും എന്ന് പറഞ്ഞ് ഞങ്ങളൊരു രസകരമായ വീഡിയോ ചെയ്തിരുന്നു”.
“സ്ത്രീ-2 ന്റെ വിജയത്തിന്റെ ക്രെഡിറ്റ് സിനിമയ്‌ക്ക് പിന്നിൽ പ്രവർത്തിച്ച
ഓരോ വ്യക്തിക്കും അവകാശപ്പെട്ടതാണ്. സിനിമയുടെ മുഖങ്ങളായി മാറുന്നത് അഞ്ച്, ആറ് പേർ മാത്രമാണ്. എന്നാൽ ഇതിന് പിന്നിൽ പ്രവർത്തിച്ച ഒരു കൂട്ടം മനുഷ്യരുണ്ട്. അവർക്കെല്ലാം തുല്യ അവകാശമാണുള്ളത്. വിഎഫ്എക്സ് ഇല്ലായിരുന്നെങ്കിൽ സിനിമ ഈ പ്രേക്ഷകർക്ക് ഇഷ്ടമാകുമായിരുന്നോ.. അതുപോലെ ഓരോ മേഖലകളിലായി സിനിമയുടെ വിജയത്തിന് പിന്നിലും മുന്നിലുമുള്ള എല്ലാവർക്കും ക്രെഡിറ്റിന് അവകാശമുണ്ട്”-അമർ കൗശിക് പറഞ്ഞു .
ഓഗസ്റ്റ് 15 ന് റിലീസ് ചെയ്ത സ്ത്രീ-2 ആഗോള ബോക്സോഫീസിൽ വൻ വിജയമായി മാറിയിരിക്കുകയാണ്. ശ്രദ്ധ കപൂർ, രാജ്കുമാർ റാവു, അപർശക്തി ഖുറാന, പങ്കജ് ത്രിപാഠി, അഭിഷേക് ബാനർജി എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു.















