തിരുവനന്തപുരം: എഡിജിപി അജിത് കുമാറിനെതിരെ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന് ഭയമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഒരു ഭരണകക്ഷി എംഎൽഎ തന്നെ അജിത് കുമാറിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചിട്ടും ഒരു നടപടിയും സ്വീകരിക്കാൻ പിണറായി വിജയൻ തയ്യാറാകുന്നില്ലെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.
“മയക്കുമരുന്ന് കടത്തിന് സഹായിക്കുന്നു, കൊലപാതകം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾക്ക് കൂട്ടുനിൽക്കുന്നു, കോടിക്കണക്കിന് രൂപയുടെ അനധികൃത സ്വത്ത് സമ്പാദനം ഉണ്ടാക്കുന്നു. മുഖ്യമന്ത്രിയുടെ ഉൾപ്പെടെ ഫോൺ ചോർത്തുന്നു ഇത്രയും ഗുരുതരമായ ആരോപണങ്ങൾ വന്നിട്ടും ഒരു നടപടിയും സ്വീകരിക്കുന്നില്ല. എഡിജിപി സ്ഥാനത്ത് നിന്ന് അജിത് കുമാറിനെ നീക്കാൻ പിണറായി വിജയൻ തയ്യാറാകുന്നില്ല”.
“പൊലീസ് അസോസിയേഷൻ പരിപാടിയിൽ മുഖം നോക്കാതെ നടപടിയെടുക്കും എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ നടപടി എടുത്താൽ മുഖ്യമന്ത്രി കസേര തെറിക്കുമെന്ന് അദ്ദേഹത്തിന് അറിയാം. മുഖ്യമന്ത്രിയുടെ എല്ലാ ദുർനടപ്പുകളും അഴിമതികളും എല്ലാ നിയമലംഘന പ്രവൃത്തികൾക്കും കൃത്യമായ തെളിവുകൾ അജിത് കുമാറിന്റെ കയ്യിൽ ഉള്ളതുകൊണ്ട് അയാളെ തൊടാനുള്ള ധൈര്യം മുഖ്യമന്ത്രിക്കില്ല”.
“ഇപ്പോൾ നടക്കുന്നത് ഒരു നാടകം മാത്രമാണ്. സിപിഎം നേതാക്കളെ തന്നെ മുഖ്യമന്ത്രി കബളിപ്പിക്കുകയാണ്. ശക്തമായ നടപടി ഉണ്ടാകുമെന്ന് വലിയ വായിൽ എംവി ഗോവിന്ദൻ ഇന്നലെ പറഞ്ഞു. മുഖം നോക്കാതെ നടപടി എടുക്കുമെന്ന് എൽഡിഎഫ് കൺവീനറും പറഞ്ഞിരുന്നു”.
പാർട്ടി അണികളെ തന്നെ കബളിപ്പിക്കാനുള്ള ആസൂത്രിതമായ നീക്കമാണിത്. അജിത് കുമാറിനെ ക്രമസമാധന ചുമതലയിൽ ഇരുത്തിയിട്ടാണ് അദ്ദേഹത്തിന്റെ കീഴ് ഉദ്യോഗസ്ഥരെ വച്ച് കേസ് അന്വേഷിക്കുന്നത്. എഡിജിപിക്കെതിരെ ഒരു അന്വേഷണവും ഇവിടെ നടക്കാൻ പോകുന്നില്ല. ഇത് കൃത്യമായൊരു കള്ളക്കളിയാണ്. ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രമാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.















