കൊച്ചി: ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടതിന് പിന്നാലെ ഉയർന്ന ആരോപണങ്ങൾ സിനിമാ മേഖലയെ തകർക്കുമെന്ന് കരുതുന്നില്ലെന്ന് സംഗീതജ്ഞൻ ജാസി ഗിഫ്റ്റ്. സിനിമാ മേഖലക്കെതിരായ ആക്രമണമായി ഈ ആരോപണങ്ങളെ കണക്കാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പാട്ടിൽ അവസരം നിഷേധിക്കപ്പെടുന്നതായി തോന്നിയിട്ടില്ല. കാരണം തനിക്ക് അത്തരം അനുഭവം ഇല്ല. തന്നെ മാറ്റി നിർത്തിയതായി അനുഭവപ്പെട്ടിട്ടില്ല. ഹിറ്റുകൾ കൊടുത്തില്ലെങ്കിൽ അവസരം കുറയും. ഇപ്പോൾ പുറത്തുവന്ന കണ്ടെത്തലുകളിലും ആരോപണങ്ങളിലും വേണ്ട തരത്തിൽ അന്വേഷണം നടക്കണമെന്നും ജാസി ഗിഫ്റ്റ് പറഞ്ഞു.
എന്റെ കരിയറിൽ, എനിക്ക് മൂന്ന്-നാല് ഇൻഡസ്ട്രിയിൽ വർക്ക് ചെയ്യാനുള്ള ഭാഗ്യം ലഭിച്ചു. കന്നഡ, തെലുങ്ക്, തമിഴ് എന്നീ ഇൻഡസ്ട്രികളിൽ പിന്നണി ഗായകയനായും സംഗീത സംവിധായകനായും പ്രവർത്തിക്കാൻ കഴിഞ്ഞു. അതിനാൽ എന്നെ ആരെങ്കിലും മാറ്റിനിർത്തിയെന്ന് എനിക്ക് തോന്നിയിട്ടില്ല. സിനിമ ആയാലും പാട്ടുകൾ ആയാലും ഹിറ്റ് ആയില്ലെങ്കിൽ നമുക്ക് കിട്ടുന്ന അവസരങ്ങൾ കുറയുമെന്നത് യാഥാർത്ഥ്യമാണ്. 20 വർഷം മുൻപ് ഫോർ ദി പീപ്പിൾ ഇറങ്ങിയ സമയത്തെ അവസ്ഥയല്ല ഇപ്പോഴുള്ളത്. ഇഷ്ടം പോലെ സ്വകാര്യ പ്ലാറ്റ്ഫോമുകളുണ്ട്. അവിടെ നമുക്ക് നമ്മുടെ കഴിവ് പ്രകടിപ്പിക്കാൻ അനവധി സാധ്യതകളുണ്ട്. – ജാസി ഗിഫ്റ്റ് പറഞ്ഞു.















