കൊച്ചി: നിലമ്പൂർ എംഎൽഎ പിവി അൻവറിനെ പരിഹസിച്ച് യുഡിഎഫ് കൺവീനർ എം.എം ഹസ്സൻ. രാഹുൽ ഗാന്ധിയുടെ ഡിഎൻഎ പരിശോധിക്കാൻ ആവശ്യപ്പെട്ട അൻവറിന് നട്ടെല്ലിന് പകരം വാഴപ്പിണ്ടിയാണെന്ന് ഹസൻ പരിഹസിച്ചു.
പുലി പായും പോലെ പാഞ്ഞു പോയ അൻവർ പുറത്തേക്ക് ഓടിയത് പൂച്ചയെ പോലെയാണ്.
അൻവറിന്റെ നിയമലംഘനങ്ങൾ അംഗീകരിക്കാമെന്ന് ഉറപ്പുനൽകിയതിന്റെ അടിസ്ഥാനത്തിലാണ് മുട്ടുമടക്കിയത്.
ക്രിമിനൽ മാഫിയ സംഘത്തെ പി ശശി പിന്തുണക്കുന്നു. ക്രിമിനൽ മാഫിയ സംഘത്തിന്റെ സംരക്ഷകൻ മുഖ്യമന്ത്രി രാജിവയ്‌ക്കണം. എഡിജിപി അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റണമെന്നും എംഎം ഹസൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ രാജി ആവശ്യവുമായി യുഡിഎഫ് പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്ന് ഹസൻ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കും എഡിജിപി എംആർ അജിത് കുമാരിനുമെതിരെ ഗൗരവമായ ആരോപണങ്ങളുമായി പിവി അൻവർ രംഗത്തെത്തിയത്. പത്തനംതിട്ട എസ്പിയായിരുന്ന സുജിത് ദാസിന്റെ ടെലിഫോൺ സംഭാഷണം ഉൾപ്പെടെയായിരുന്നു തെളിവായി നിരത്തിയത്.
ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഫോൺ സംഭാഷണങ്ങൾ താൻ ചോർത്തിയതായും അൻവർ തുറന്നു സമ്മതിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയതിന് ശേഷം അൻവർ ഇക്കാര്യത്തിൽ പിന്നോട്ടു പോയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഹസന്റെ വിമർശനം.















