മലയാള സിനിമയിൽ സിക്‌സ്പാക്ക് ഉള്ളവർ ആരുണ്ടെടാ എന്ന ചോദ്യം കേൾക്കുമ്പോൾ കേരളത്തിലെ ആൺപിള്ളേർക്ക് എന്തിനാ സിക്‌സ്പാക്ക് എന്ന് പറയുന്നവരാണ് നമ്മിൽ പലരും. എന്നാൽ മലയാളത്തിലെ സിക്‌സ്പാക്കുള്ള നടന്മാരിൽ എന്നും മുൻനിരയിലാണ് ഉണ്ണിമുകുന്ദനും ടൊവിനോ തോമസും. ഏത് ട്രാൻസ്ഫർമേഷനും നിസാരമായി കൈകാര്യം ചെയ്യാൻ സാധിക്കുമെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് ഉണ്ണിമുകുന്ദൻ.
സിക്‌സ്പാക്കെങ്കിൽ സിക്‌സ്പാക്ക്, അതോ ഇനി ഫാമിലിപാക്ക് വേണോ അതും ചെയ്യാൻ റെഡി എന്നതാണ് ഉണ്ണിയുടെ പോളിസി. മേപ്പടിയാൻ, മാളികപ്പുറം എന്ന ചിത്രത്തിനായി ഫാമിലിപാക്ക് ലുക്കായിരുന്നു ഉണ്ണി തെരഞ്ഞെടുത്തത്. മേപ്പടിയാനിൽ 93 കിലോയായിരുന്നു ഉണ്ണിയുടെ ഭാരം. സിനിമയിൽ വയർ ചാടിയ ഉണ്ണിയെ കണ്ടപ്പോൾ നടന് ട്രാൻസ്ഫർമേഷൻ ചെയ്യാൻ സാധിക്കുമോ എന്ന് ആരാധകരിൽ പലരും സംശയിച്ചിരുന്നു.
എന്നാൽ ഏത് ട്രാൻസ്ഫർമേഷനും തനിക്ക് നിസാരമായി വഴങ്ങുമെന്ന് പറഞ്ഞ് പുതിയ ലുക്കിലാണ് ഉണ്ണി മുകുന്ദന്റെ തിരിച്ചുവരവ്. ഹനീഫ് അദേനി ഒരുക്കുന്ന മാർക്കോയ്‌ക്കായുള്ള പുതിയ ഗെറ്റപ്പാണ് താരം ആരാധകരുമായി പങ്കുവച്ചത്.
മാളികപ്പുറത്തെ ചിത്രങ്ങളും മാർക്കോയുടെ ലുക്കും താരതമ്യം ചെയ്തുള്ള ചിത്രങ്ങളാണ് താരം സമൂഹമാദ്ധ്യമത്തിൽ പോസ്റ്റ് ചെയതത്. ഇതോടെ നിരവധി ആരാധകർ താരത്തിന് അഭിനന്ദനങ്ങൾ അറിയിച്ചും ആശംസകൾ അറിയിച്ചും രംഗത്തെത്തി.
30 കോടിയോളം ബഡ്ജറ്റിൽ ഷൂട്ട് പൂർത്തീകരിച്ച ചിത്രമാണ് മാർക്കോ. ഹനീഫ് അദേനി സംവിധാനം ചെയ്ത മിഖായേൽ എന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദൻ അവതരിപ്പിച്ച മാർക്കോ ജൂനിയർ എന്ന കഥാപാത്രത്തെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന സിനിമായണിത്.
കെ ജി എഫ്, സലാർ തുടങ്ങിയ ബിഗ് ബഡ്ജറ്റ് ആക്ഷൻ സിനിമകളുടെ സംഗീത സംവിധായകനായ രവി ബസ്റൂർ ആദ്യമായി ഗാനങ്ങളും ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും ഒരുക്കി ഒരു മലയാള സിനിമയുടെ ഭാഗം ആകുന്നു എന്ന പ്രത്യേകതയും മാർക്കോയ്‌ക്കുണ്ട്. ക്യൂബ്‌സ് ഇന്റർനാഷണൽ കമ്പനിയുടെ ക്യൂബ്‌സ് എന്റർടൈൻമെന്റിന്റെ ബാനറിൽ ഷരീഫ് മുഹമ്മദും ഉണ്ണിമുകുന്ദൻ ഫിലിംസും ചേർന്നാണ് മാർക്കോ നിർമിച്ചിരിക്കുന്നത്.















