ബ്രൂണെ സുൽത്താന്റെ കൊട്ടാരത്തിൽ ഉച്ചഭക്ഷണ വിരുന്നിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. സുൽത്താൻ ഹാജി ഹസ്സനാൽ ബോൾക്കിയയുടെ ഔദ്യോഗിക വസതിയിലായിരുന്നു വിരുന്ന് നടന്നത്. നിരവധി സവിശേഷ വിഭവങ്ങൾ ഇന്ത്യൻ പ്രധാനമന്ത്രിക്കായി ഒരുക്കിയിരുന്നു.
മാംഗോ സാഫ്രോൺ പേട, മോട്ടിച്ചോർ ലഡ്ഡൂ, ഛന്ന മസാല, കോഫ്ത, ഭിന്ദി, ജീര റൈസ്, എന്നീ ഇന്ത്യൻ വിഭവങ്ങൾ കൂടാതെ ഗ്രിൽഡ് ലോബ്സ്റ്റർ, ടാസ്മാനിയൻ സാൽമൺ, പ്രോൺസ്, സ്കാലോപ്സ്, കോക്കനട്ട് ബാർളി രിസോട്ടോ എന്നീ വിദേശവിഭവങ്ങളും ടേബിൾ മെനുവിൽ ഇടംപിടിച്ചു. വെജിറ്റബിൾ ക്വിഷേ, വെജിറ്റബിൾ റൈസ് കേക്ക്. ലെന്റിൽ സൂപ്പ്, ഫോറസ്റ്റ് മഷ്റൂം വിത്ത് ബ്ലാക്ക് ട്രഫിൾ എന്നിവയും മോദിക്കായി വിളമ്പിയിരുന്നു.
ബ്രൂണെ സുൽത്താന്റെ സത്കാരത്തിന് എത്തിയ നരേന്ദ്രമോദിയുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്. ബ്രൂണെ സുൽത്താന്റെ ഔദ്യോഗിക വസതിയിൽ വച്ച് ഉഭയകക്ഷി ചർച്ചയും ഇന്ത്യൻ പ്രധാനമന്ത്രി നടത്തി. സൗത്ത്-ഈസ്റ്റ് ഏഷ്യൻ രാജ്യമായ ബ്രൂണെയിലേക്ക് ആദ്യമായി സന്ദർശനം നടത്തുന്ന ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം 40-ാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് മോദിയുടെ സന്ദർശനം.