ന്യൂഡൽഹി : തെലങ്കാന കോൺഗ്രസ് പാർട്ടിയുടെ ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പിൽ തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി നടത്തിയ ചില പരാമർശങ്ങളിൽ സുപ്രീം കോടതി ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി. കെ കവിതക്കു ജാമ്യം ലഭിച്ചത് സംബന്ധിച്ചാണ് എ രേവന്ത് റെഡ്ഡി അനുചിതമായ പരാമർശങ്ങൾ നടത്തിയത്. ഈ പരാമർശത്തിൽ രേവന്ത് റെഡ്ഡിയോട് സുപ്രീം കോടതി മറുപടി തേടി.
എന്തിനാണ് സുപ്രീം കോടതിയെയും അഭിഭാഷകരെയും തങ്ങളുടെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴയ്‌ക്കുന്നതെന്ന് സുപ്രീം കോടതി ചോദിച്ചു.
2015ലെ കാഷ് ഫോർ വോട്ട് കേസിൽ റെഡ്ഡിക്കെതിരായ വിചാരണ തെലങ്കാനയിൽ നിന്ന് മധ്യപ്രദേശിലെ ഭോപ്പാലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് കെ വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച്. അതിനിടെയാണ് ഡൽഹി എക്സൈസ് നയ കേസിൽ ഭാരത് രാഷ്‌ട്ര സമിതി നേതാവ് കെ കവിതയ്‌ക്ക് ജാമ്യം അനുവദിച്ചതിനെ കുറിച്ച് തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡിയുടെ ചില പരാമർശങ്ങളിൽ സുപ്രീം കോടതി വീണ്ടും അതൃപ്തി രേഖപ്പെടുത്തിയത്. കവിതയ്‌ക്ക് ജാമ്യം അനുവദിച്ചതിന് പിന്നാലെ സുപ്രീം കോടതിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ മുഖ്യമന്ത്രിയുടെ ട്വീറ്റുകൾ വൈറലായിരുന്നു. ജുഡീഷ്യറി, പ്രതിപക്ഷ നേതാക്കൾ, പോലീസ് ഉദ്യോഗസ്ഥർ എന്നിവരെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള നിരവധി പരാമർശങ്ങളാണ് മുഖ്യമന്ത്രി നടത്തിയതെന്ന് ഹർജിക്കാരൻ പറഞ്ഞു.
“കോടതികളെയും അഭിഭാഷകരെയും വലിച്ചിഴയ്‌ക്കുന്നത് ദൗർഭാഗ്യകരമാണ്… പ്രത്യേകിച്ചും ആരെങ്കിലും ഉന്നത പദവിയിലിരിക്കുമ്പോൾ ചില നിയന്ത്രണങ്ങൾ പ്രതീക്ഷിക്കുന്നു,” ജസ്റ്റിസ് ബി ആർ ഗവായ് അധ്യക്ഷനായ രണ്ടംഗ ബെഞ്ച് പറഞ്ഞു.















