ലക്നൗ: അഖിലേഷ് യാദവിന്റെ ബുൾഡോസർ പരാമർശത്തിന് മറുപടിയുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഒരു ബുൾഡോസർ ഓടിക്കുന്നതിന് ധൈര്യവും ബുദ്ധിയും നിശ്ചയദാർഢ്യവും ആവശ്യമാണ്. അത് എന്തായാലും അഖിലേഷിന് ഇല്ല. മാഫിയകൾക്കെതിരായുള്ള നടപടിയെ പരാമർശിച്ച് യോഗി ആദിത്യനാഥ് പറഞ്ഞു.
കൂടാതെ ടിപ്പുവും ഇപ്പോൾ ‘സുൽത്താൻ’ ആവാൻ ശ്രമിക്കുകയാണെന്ന് യാദവിന്റെ ഓമനപ്പേരിനെ പരിഹസിച്ച് മുഖ്യമന്ത്രി പറഞ്ഞു. ഉത്തർപ്രദേശിൽ അധികാരത്തിൽ തിരിച്ചെത്താനുള്ള യാദവിന്റെ ആഗ്രഹം ഒരു ദിവാസ്വപ്നം മാത്രമാണെന്നും മുൻ മുഖ്യമന്ത്രിയും അമ്മാവൻ ശിവ്പാൽ യാദവും അവരുടെ ഭരണകാലത്ത് കൊള്ളയടിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
2027ൽ സമാജ്‌വാദി പാർട്ടി അധികാരത്തിൽ വന്നാൽ സംസ്ഥാനത്തെ എല്ലാ ബുൾഡോസറുകളും യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂരിലേക്ക് അഖിലേഷ് യാദവ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് യോഗിയുടെ മറുപടി.
ക്രിമിനൽ കേസുകളിലെ പ്രതികൾ നിയവിരുദ്ധമായി നിർമിച്ച കെട്ടിടങ്ങളാണ് യുപി സർക്കാരിന്റെ ബുൾഡോസർ കൊണ്ട് പൊളിച്ച് മാറ്റുന്നത്. എന്നാൽ ഇത് പ്രതികളുടെ വീടാണെന്ന് വരുത്തി തീർക്കാനാണ് പ്രതിപക്ഷം ശ്രമിച്ചത്. ഇതിന് പിന്നാലെ ചിലർ ബുൾഡോസർ നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചു. നടപടിയെ ആദ്യം വിമർശിച്ചെങ്കിലും, ഈ വിഷയത്തിൽ ഉത്തർപ്രദേശ് സർക്കാർ നൽകിയ സത്യവാങ്മൂലത്തിലൂടെ സുപ്രീം കോടതിക്കും കാര്യം വ്യക്തമായി.















