അഗർത്തല: ത്രിപുരയിലെ വിമത സംഘടനകളുമായി സമാധാന കരാറിൽ ഒപ്പുവച്ച് കേന്ദ്രസർക്കാർ. നാഷണൽ ലിബറേഷൻ ഫ്രണ്ട് ഓഫ് ത്രിപുര (NLFT), ഓൾ ത്രിപുര ടൈഗർ ഫോഴ്സ് (ATTF) എന്നിവയുടെ പ്രതിനിധികളുമായി ത്രിപുര സർക്കാരും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും സമാധാന കരാറിൽ ഒപ്പുവയ്‌ക്കുകയായിരുന്നു. ആഭ്യന്തര മന്ത്രി അമിത് ഷാ, ത്രിപുര മുഖ്യമന്ത്രി മാണിക് സാഹ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു നടപടി. ദീർഘകാലങ്ങളായി ത്രിപുരയിൽ തുടരുന്ന പല പ്രാദേശിക പ്രശ്നങ്ങൾക്കും അന്ത്യം കുറിക്കാനും മേഖലയിൽ സമാധാനവും പുരോഗതിയും ഉറപ്പുവരുത്താനും ഇത് സഹായിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതികരിച്ചു. ത്രിപുരയുടെ സമാധാനത്തിലേക്കും സമൃദ്ധിയിലേക്കുമുള്ള സുപ്രധാന ചുവടുവയ്പ്പാണിതെന്നും അദ്ദേഹം പറഞ്ഞു.
നോർത്ത്ഈസ്റ്റ് മേഖലയിൽ കേന്ദ്രസർക്കാർ ഒപ്പുവയ്‌ക്കുന്ന 12-ാമത് ഉടമ്പടിയാണിത്. ത്രിപുരയിലെ മൂന്നാമത്തേതാണ്. ഇതുവരെ ഏകദേശം 10,000 വിമതർ കീഴടങ്ങുകയും ആയുധം ഉപേക്ഷിച്ച് മുഖ്യധാരയിലേക്ക് കടന്നുവരികയും ചെയ്തിരുന്നു. NLFT, ATTF എന്നീ വിമത സംഘടനകളുമായി ധാരണയായതോടെ ഏകദേശം 328 സായുധ കേഡർമാർ കൂടി മുഖ്യധാരയിലേക്ക് എത്തുമെന്ന് അമിത് ഷാ അറിയിച്ചു. 35 വർഷമായി തുടരുന്ന പോരാട്ടത്തിനാണ് ഇവിടെ ശുഭാവസാനമായിരിക്കുന്നത്. ആയുധങ്ങൾ ഉപേക്ഷിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവന്ന്, ത്രിപുരയുടെ പുരോഗതിക്കായി പ്രതിബദ്ധത പ്രകടിപ്പിക്കാനുള്ള ഓരോരുത്തരുടെയും ശ്രമം ഏവർക്കും സന്തോഷം നൽകുന്ന കാര്യമാണെന്നും കരാറിൽ ഒപ്പുവെച്ച ശേഷം കേന്ദ്ര ആഭ്യന്തരമന്ത്രി പ്രതികരിച്ചു.
നരേന്ദ്രമോദി പ്രധാനമന്ത്രിയായത് മുതൽ, വടക്കുകിഴക്കൻ സംസ്ഥാനത്തിന്റെ പുരോഗതിക്കായി സമാധാനത്തിന്റെ മാർഗങ്ങൾ രാജ്യത്തിന് മുന്നിൽ അവതരിപ്പിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും ഡൽഹിയിലെയും ജനങ്ങൾ തമ്മിൽ വലിയ അകലം ഉണ്ടായിരുന്നു. റോഡ്, റെയിൽ, എയർ കണക്റ്റിവിറ്റി വഴി ഈ ദൂരം കുറച്ചുവെന്ന് മാത്രമല്ല, ജനങ്ങളുടെ ഹൃദയങ്ങൾ തമ്മിലുള്ള അകലം കുറയ്‌ക്കാനും പ്രധാനമന്ത്രിക്ക് കഴിഞ്ഞുവെന്ന് അമിത് ഷാ പറഞ്ഞു.















