ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഭാര്യ സുനിത കെജ്‌രിവാളിനെ രൂക്ഷമായി വിമർശിച്ച് മുൻ ഡിസിഡബ്ല്യു ചെയർപേഴ്‌സണും രാജ്യസഭാ എംപിയുമായ സ്വാതി മലിവാൾ. സ്വാതി മലിവാളിനെ ആക്രമിച്ച കേസിൽ അരവിന്ദ് കെജ്‌രിവാളിന്റെ സഹായി ബൈഭവ് കുമാറിന് സുപ്രീംകോടതി ജാമ്യം നൽകിയിരുന്നു. ഇതിന് പിന്നാലെ ‘ആശ്വാസം’ എന്ന അടിക്കുറിപ്പോടെ ബൈഭവ് കുമാറിന്റെ ചിത്രം സുനിത പങ്കുവെച്ചതാണ് സ്വാതിയെ ചൊടിപ്പിച്ചത്.
‘ ഞാൻ ആക്രമിക്കപ്പെടുന്ന സമയത്ത് അതേ വീട്ടിലുണ്ടായായ മുഖ്യമന്ത്രിയുടെ ഭാര്യക്ക് ഇപ്പോൾ ആശ്വാസം തോന്നുന്നു. അവരുടെ വീട്ടിൽ വച്ച് എന്നെ മർദിക്കുകയും ഉപദ്രവിക്കുകയും ചെയ്തയാൾക്ക് വ്യവസ്ഥകളോടെ ജാമ്യം ലഭിച്ചതിനാണ് ഈ ആശ്വാസ പ്രകടനം. ഇത്തരം കാര്യങ്ങളിൽ സംതൃപ്തി കണ്ടെത്തുന്നവരിൽ നിന്ന് നമ്മുടെ സഹോദരിമാർക്കും പെൺമക്കൾക്കും എന്ത് ബഹുമാനമാണ് പ്രതീക്ഷിക്കുന്നത്? ദൈവം ഇതെല്ലാം കാണുന്നുണ്ട്, നീതി ഒരുനാൾ വിജയിക്കും’ സ്വാതി കുറിച്ചു. ബൈഭവ് കുമാറിന് ജാമ്യം നൽകിയതിന് പിന്നാലെ കൗരവസഭയിൽ ദ്രൗപദി വസ്ത്രാക്ഷേപം ചെയ്യുപ്പെടുന്ന ചിത്രം അടികുറിപ്പില്ലാതെ സ്വാതി സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.
സ്വാതി മലിവാളിന്റെ പരാതിയിൽ മേയ് 18 നാണ് ബൈഭവ് കുമാറിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. 100 ദിവസത്തോളം പോലീസ് കസ്റ്റഡിയിലായിരുന്നു. ഒരു പ്രകോപനവുമില്ലാതെ ഏഴെട്ടു തവണ ബൈഭവ് കുമാർ തന്നെ അടിച്ചുവെന്നും നെഞ്ചിലും വയറ്റിലും ചവിട്ടിയെന്നുമാണ് സ്വാതിയുടെ പരാതിയിലുള്ളത്