ബഹ്‌റൈച്ച്: ഏതാണ്ട് രണ്ടു മാസങ്ങളായി ഉത്തർപ്രദേശിലെ ബഹ്‌റൈച്ച് ചെന്നായ്‌ക്കളുടെ ഭീകരതയെ നേരിടുകയാണ്. ഉത്തർപ്രദേശിലെ മഹാസി സബ് സോണിന്റെ കീഴിലുള്ള ബഹ്‌റൈച്ച് ജില്ലയിലാണ്, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആളുകൾ ഉറക്കമില്ലാതെ ബുദ്ധിമുട്ടുന്നത്. ചെന്നായക്കൂട്ടത്തിന്റെ ആക്രമണമാണ് കാരണം. പ്രദേശത്ത് കറങ്ങിനടക്കുന്ന ചെന്നായക്കൂട്ടം രാത്രിയിൽ ടൗണിൽ കയറി വീടുകളിൽ ഉറങ്ങിക്കിടക്കുന്ന കുട്ടികളെ പിടികൂടി കാട്ടിലേക്ക് ഓടിപ്പോകുന്നു എന്നതാണ് ഇവിടെ മനുഷ്യർ അഭിമുഖീകരിക്കുന്നത്.
ഇതുവരെ 8 കുട്ടികൾ ചെന്നായക്കൂട്ടത്തിന്റെ ആക്രമണത്തിന് ഇരയായി. ഒരു സ്ത്രീയും മരിച്ചു. ഇതോടെ 45 ദിവസത്തിനിടെ 9 പേരാണ് മരിച്ചത്.26 പേര്‍ക്ക് ചെന്നായകളുടെ ആക്രമണത്തില്‍ പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തി ജില്ലയായ ബഹ്‌റൈച്ചിലാണ് സംഭവം നടന്നത്.
തദ്ദേശവാസികൾക്കു നേരെ ചെന്നായ്‌ക്കൾ നടത്തുന്ന ആക്രമണ പരമ്പരകൾക്ക് കാരണം “പ്രതികാര ദാഹികളായ” ചെന്നായ്‌ക്കളെ ആയിരിക്കുമെന്ന അഭിപ്രയവുമായി വിദഗ്ധർ രംഗത്തെത്തി. ചെന്നായക്കുഞ്ഞുങ്ങളെ കൊന്ന മനുഷ്യർക്കെതിരെ പ്രതികാരം ചെയ്ത കഥകൾ ഇതിനു മുൻപും ഉണ്ടായിട്ടുണ്ട്. കൂടാതെ തങ്ങളുടെ ആവാസവ്യവസ്ഥ നഷ്‌ടപ്പെടുത്തിയതിലുള്ള പ്രതിരോധവുമാകാം ഈ ആക്രമണത്തിന് പിന്നിൽ. മനുഷ്യർക്ക് നേരെ, പ്രത്യേകിച്ച് കുട്ടികൾക്കു നേരെയുള്ള ചെന്നായ ആക്രമണം മാർച്ച് മുതൽ ബഹ്‌റൈച്ചിൽ നടക്കുന്നുണ്ടെങ്കിലും മഴക്കാലത്ത് ജൂലൈ 17 മുതൽ അവ വർധിച്ചു.
ചെന്നായ്‌ക്കൾക്ക് മറ്റ് മൃഗങ്ങളിൽ നിന്ന് വ്യത്യസ്തമായി പ്രതികാരം ചെയ്യാനുള്ള പ്രവണതയുണ്ടെന്ന് ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (ഐഎഫ്എസ്) റിട്ടയേർഡ് ഓഫീസറും ബഹ്‌റൈച്ച് ജില്ലയിലെ കതർനിയഘട്ട് വൈൽഡ് ലൈഫ് ഡിവിഷനിലെ മുൻ ഫോറസ്റ്റ് ഓഫീസറുമായ ഗ്യാൻ പ്രകാശ് സിംഗ് പറഞ്ഞു.
“മുൻകാലങ്ങളിൽ, മനുഷ്യർ തങ്ങളുടെ കുഞ്ഞുങ്ങൾക്ക് എന്തെങ്കിലും തരത്തിലുള്ള ദോഷം വരുത്തിയിരിക്കണം, അതിനാൽ പ്രതികാരമായാണ് ഈ ആക്രമണങ്ങൾ സംഭവിക്കുന്നത്,” സിംഗ് പറഞ്ഞു. വിരമിച്ച ശേഷം വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ഉപദേശകനായി സേവനമനുഷ്ഠിക്കുകയാണ്.
25 വർഷം മുമ്പും സമാനമായ സംഭവം ഉത്തർപ്രദേശിൽ ഉണ്ടായിട്ടുണ്ട്. അന്ന് ജൗൻപൂർ, പ്രതാപ്ഗഡ് ജില്ലകളിലെ സായ് നദിയുടെ തടത്തിൽ 50-ലധികം കുട്ടികളെ ചെന്നായ്‌ക്കൾ കൊലപ്പെടുത്തിയിരുന്നു. ഒടുവിൽ അന്വേഷിച്ചു ചെന്നപ്പോൾ ചില കുട്ടികൾ ഒരു മാളത്തിൽ രണ്ട് ചെന്നായക്കുട്ടികളെ കൊന്നതായി കണ്ടെത്തിയിരുന്നു
അങ്ങിനെ കൊല്ലപ്പെട്ട ചെന്നായക്കുട്ടികളുടെ മാതാപിതാക്കൾ വളരെ അക്രമാസക്തരായി, പ്രദേശത്ത് താമസിക്കുന്ന മനുഷ്യരെ ആക്രമിക്കാൻ തുടങ്ങി. വനംവകുപ്പ് ജനങ്ങളുടെ ഇടയിൽ ഒരു പ്രചാരണം നടത്തുകയും ചില ചെന്നായ്‌ക്കളെ പിടികൂടുകയും ചെയ്തു. പക്ഷേ കാടിളക്കിയുള്ള വലിയ തോതിലുള്ള വേട്ടയാടലുണ്ടായിട്ടും നരഭോജി ചെന്നായ്‌ക്കൾ പിടികൊടുത്തില്ല. ഒടുവിൽ ആ നരഭോജികളെ തിരിച്ചറിഞ്ഞു രണ്ടിനെയും വെടിവച്ചു.
ജനുവരി, ഫെബ്രുവരി മാസങ്ങളിൽ രണ്ട് ചെന്നായക്കുട്ടികൾ ട്രാക്ടറിന്റെ ചക്രത്തിനടിയിൽ ചതഞ്ഞരഞ്ഞു ചത്തിരുന്നു. അതിന്റെ ഫലമായിരിക്കും ഈ അക്രമണങ്ങൾ. ചെന്നായ്‌ക്കൾ പ്രദേശവാസികളെ ആക്രമിക്കാൻ തുടങ്ങിയതോടെ, അവരിൽ ചിലവയെ പിടികൂടി 40 കിലോമീറ്റർ അകലെയുള്ള ചക്കിയ വനത്തിൽ വിട്ടയച്ചു. പക്ഷെ ചെന്നായ്‌ക്കളുടെ സ്വാഭാവിക ആവാസകേന്ദ്രമല്ല ചക്കിയ വനം. അതേ ചെന്നായകൾ തിരിച്ചുവന്ന് പ്രതികാരം ചെയ്യാൻ ഈ ആക്രമണങ്ങൾ നടത്താനാണ് സാധ്യത.” സിംഗ് പറഞ്ഞു.
വനംവകുപ്പ് ഇതുവരെ നാല് ചെന്നായകളെ പിടികൂടിയിട്ടുണ്ട്. പക്ഷെ എല്ലാ നരഭോജി ചെന്നായ്‌ക്കളെയും പിടികൂടാനുള്ള സാധ്യത വളരെ കുറവാണെന്നും അല്ലെങ്കിൽ ആക്രമണം അവസാനിക്കുമായിരുന്നുവെന്നും സിംഗ് പറഞ്ഞു.
“സിംഹങ്ങൾക്കും പുള്ളിപ്പുലികൾക്കും പോലും പ്രതികാരം ചെയ്യാനുള്ള പ്രവണതയില്ലെന്നും ചെന്നായ്‌ക്കൾ അങ്ങിനെയല്ലെന്നും ബഹ്റൈച്ചിലെ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അജിത് പ്രതാപ് സിംഗ് പറഞ്ഞു. ചെന്നായ്‌ക്കളുടെ ആവാസവ്യവസ്ഥയ്‌ക്ക് എന്തെങ്കിലും ശല്യമുണ്ടാകുകയോ അവയെയോ അവയുടെ കുഞ്ഞുങ്ങളെയോ പിടിക്കാനോ കൊല്ലാനോ ശ്രമിക്കുകയാണെങ്കിൽ, മനുഷ്യനെ വേട്ടയാടി പ്രതികാരം ചെയ്യും,”
അദ്ദേഹം പറഞ്ഞു.















