മുംബൈ: കങ്കണ റണാവത്ത് ചിത്രം എമർജൻസിക്ക് സെൻസർ സർട്ടിഫിക്കറ്റ് നൽകുന്നതിൽ പരിശോധന നടത്തുമെന്ന് ബോംബെ ഹൈക്കോടതി. വിശദമായി പരിശോധിച്ച ശേഷം സർട്ടിഫിക്കറ്റ് നൽകുന്ന കാര്യത്തിൽ തീരുമാനമെടുക്കണമെന്ന് സിബിഎഫ്സിയോട് ഹൈക്കോടതി നിർദേശിച്ചു.
സർട്ടിഫിക്കറ്റ് നിർമാതാക്കൾക്ക് നൽകണമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനോട് നിർദേശിക്കാനാകില്ലെന്ന് ഹൈക്കോടതി നിർദേശിച്ചു. ജസ്റ്റിസുമാരായ ബിവി കൊളബവല്ല, ഫിർദോഷ് പൂനിവാല തുടങ്ങിയ ബെഞ്ചിൻ്റേതാണ് നടപടി.
ചിത്രത്തിൽ സിഖ് സമൂഹത്തെ മോശമാക്കി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ചാണ് വിവിധ സംഘടനകൾ കോടതിയെ സമീപിച്ചത്. സിഖ് ഗ്രൂപ്പുകളോട് മൂന്ന് ദിവസത്തിനകം വിശദവിവരങ്ങൾ സിബിഎഫ്സിക്ക് കൈമാറണമെന്ന് കോടതി നിർദേശിച്ചു. ഈ മാസം 28-ന് മുമ്പ് ഇത് പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് സിബിഎഫ്സിക്ക് കോടതി നിർദേശം നൽകി.
സർട്ടിഫിക്കറ്റ് തടഞ്ഞുവച്ചതിന് സിബിഎഫ്സിക്കെതിരെ (സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ) സീ എൻ്റർടെയിൻമെൻ്റ് എൻ്റർപ്രൈസസ് ലിമിറ്റഡിന്റെ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
അനിശ്ചിതത്വങ്ങൾ അവസാനിപ്പിച്ച് സിനിമ എത്രയും പെട്ടെന്ന് റിലീസ് ചെയ്യുന്നതിനുള്ള ശ്രമത്തിലാണ് കങ്കണയും അണിയറപ്രവർത്തകരും. പത്ത് ദിവസത്തിനകം ചിത്രം തിയേറ്ററുകളിലെത്തിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് തങ്ങളെന്ന് കങ്കണ വ്യക്തമാക്കിയിരുന്നു. റിലീസ് വൈകുന്നതിൽ വളരെയധികം വിഷമമുണ്ടെന്നും താരം പറഞ്ഞു.















