പാട്ടുകൾ കേൾക്കാൻ ഇഷ്ടമില്ലാത്തവരായി ആരാണുള്ളത് അല്ലേ? ചിലർക്ക് പ്രണയ ഗാനങ്ങളോടും മറ്റ് ചിലർക്ക് അടിച്ചുപൊളി പാട്ടുകളോടുമായിരിക്കും പ്രിയം. വിഷാദ ഗാനങ്ങൾ ഇഷ്ടപ്പെടുന്നവരും നമുക്കിടയിലുണ്ട്. പാട്ടുകൾ ഏതായാലും മനസിന് സന്തോഷം നൽകുന്ന ഗാനങ്ങൾ കേൾക്കുന്നത് രോഗങ്ങൾ തടയുന്നതിന് ഏറെ സഹായകമാണെന്നാണ് വിദഗ്ധർ പറയുന്നത്. ഇതറിഞ്ഞോളൂ..
സമ്മർദ്ദം അകറ്റാൻ
ജോലി ഭാരവും പഠന ഭാരവും അമിതമാകുന്ന സമയങ്ങളിൽ ചെറിയ ഇടവേളകൾ എടുത്ത് പാട്ടുകൾ ആസ്വദിക്കണമെന്നാണ് വിദഗ്ധരുടെ നിർദേശം. ഇങ്ങനെ ചെയ്യുന്നത് ശരീരത്തിൽ ഉത്പാദിക്കുന്ന കോൾട്ടിസോളിന്റെ അളവ് കുറച്ച് സമ്മർദ്ദവും ഉത്കണ്ഠയും അകറ്റാൻ സഹായിക്കുന്നു.
വേദന കുറയ്‌ക്കാൻ
പാട്ടുകൾ നല്ലൊരു വേദന സംഹാരി കൂടിയാണ്. മനസിന് സന്തോഷം നൽകുന്ന പാട്ടുകൾ മനസുഖം വർദ്ധിപ്പിക്കുകയും വേദനകൾ മറക്കാൻ സഹായിക്കുകയും ചെയ്യുന്നു. മാനസിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്ന സമയത്ത് മ്യൂസിക് തെറാപ്പി എടുക്കണമെന്ന് ആരോഗ്യവിദഗ്ധർ നിർദേശിക്കാറുണ്ട്. സന്തോഷം പ്രദാനം ചെയ്യുന്ന ഡോപ്പമിൻ പോലുള്ള ഹാപ്പി ഹോർമോണുകൾ പുറത്തുവിടാൻ ഇത് സഹായിക്കുന്നു.
വിശ്രമം
ശരീരത്തിന് ആവശ്യമായ പ്രധാന കാര്യങ്ങളിലൊന്നാണ് വിശ്രമം. പാട്ടുകൾ കേട്ട് വിശ്രമിക്കുന്നത് ശരീരത്തിന് നല്ലതാണ്. മെലഡി ഗാനങ്ങൾ കേൾക്കുന്നത് മികച്ച ഉറക്കം നൽകാൻ സഹായിക്കുന്നു.
ഊർജവും ഉന്മേഷവും
ഇഷ്ടപ്പെട്ട പാട്ടുകൾ കേൾക്കുന്നത് ശരീരത്തിലെ സെറോടോണിന്റെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ഇത് ഊർജവും ഉന്മേഷവും നൽകുന്നതിന് ഏറെ ഗുണം ചെയ്യുന്നു.















