ഒട്ടാവ: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിസ് ട്രൂഡോക്ക് തിരിച്ചടി. സർക്കാരിനെ പ്രതിസന്ധിയിലാക്കി ന്യൂ ഡെമോക്രാറ്റിക് പാർട്ടി പിന്തുണ പിൻവലിച്ചു. ട്രൂഡോയുടെ ന്യൂനപക്ഷ ലിബറൽ സർക്കാരിനെ അധികാരത്തിൽ നിലനിർത്തിയതിൽ നിർണായക പങ്കുവഹിച്ച പാർട്ടിയാണ് ജഗ്മീത് സിംഗിന്റെ ന്യൂ ഡെമോക്രാറ്റിക് പാർട്ടി (NDP).
സപ്ലൈ ആൻഡ് കോൺഫിഡൻസ് ഉടമ്പടിയുണ്ടാക്കി 2022 മാർച്ചിലായിരുന്നു ട്രൂഡോ സർക്കാരിന് എൻഡിപി പിന്തുണ പ്രഖ്യാപിച്ചത്. 2025 വരെയായിരുന്നു കരാർ. എന്നാൽ ജസ്റ്റിൻ ട്രൂഡോ സർക്കാരിന്റെ നയങ്ങൾ കോർപ്പറേറ്റുകൾക്ക് അടിയറവ് പറയുന്നതാണെന്നും ലിബറലുകൾ സ്വാർത്ഥരാണെന്നും വിമർശിച്ചുകൊണ്ട് പിന്തുണ പിൻവലിക്കുകയായിരുന്നു എൻഡിപി. പ്രതിപക്ഷത്തെ നേരിടുന്നതിൽ ട്രൂഡോ സർക്കാർ ദുരബലമാണെന്നും ജനങ്ങളുടെ പ്രതീക്ഷയ്‌ക്ക് അനുസരിച്ച് ഉയരാൻ ലിബറലുകൾക്ക് കഴിയുന്നില്ലെന്നും എൻഡിപി ചൂണ്ടിക്കാട്ടി. ഇക്കാര്യം വീഡിയോ സന്ദേശത്തിലൂടെയാണ് എൻഡിപി നേതാവ് ജഗ്മീത് സിംഗ് അറിയിച്ചത്.
ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാർ വധവുമായി ബന്ധപ്പെട്ട് ട്രൂഡോ സർക്കാർ ഇന്ത്യക്കെതിരെ നിലപാടെടുത്തത് എൻഡിപിയുടെ സമ്മർദ്ദത്തെ തുടർന്ന് കൂടിയായിരുന്നു. നിലവിൽ എൻഡിപി പിന്തുണ പിൻവലിച്ച സാഹചര്യത്തിൽ കനേഡിയൻ സർക്കാർ വീണ്ടും സമ്മർദ്ദത്തിലായിരിക്കുകയാണ്. പ്രതിപക്ഷ കൺസർവേറ്റീവുകളെ നേരിടുന്നതിൽ ട്രൂഡോ സർക്കാർ വൻ പരാജയമാണെന്ന ആരോപണം കൂടി ഉയർത്തിയായിരുന്നു എൻഡിപിയുടെ പടിയിറക്കം.
അടുത്ത വർഷം അവസാനമാണ് കനേഡിയൻ പാർലമെന്റിൽ തെരഞ്ഞെടുപ്പ് നടക്കുക. എൻഡിപി തിരിച്ചടി നൽകിയതിന്റെ പശ്ചാത്തലത്തിൽ നേരത്തെ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കേണ്ടി വന്നേക്കും. എന്നാൽ രാഷ്‌ട്രീയ പ്രതിസന്ധിയില്ലെന്നും ഭരണപ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നുമാണ് പ്രധാമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പ്രതികരണം. സെപ്റ്റംബർ 16ന് ഒട്ടാവയിൽ പാർലമെന്റ് സമ്മേളനം തുടങ്ങാനിരിക്കെയാണ് കനേഡിയൻ സർക്കാരിന്റെ സഖ്യകക്ഷികളിൽ ഒരാൾ വിട്ടുപോയിരിക്കുന്നത്.
എൻഡിപിയുടെ നടപടി ട്രൂഡോ സർക്കാർ വീഴുന്നതിലേക്ക് നയിക്കില്ലെങ്കിലും പല ബില്ലുകളും ബജറ്റുകളും പാർലമെന്റിൽ പാസാക്കാനും വിശ്വാസവോട്ടുകളെ നേരിടാനും ചേംബറിലെ പ്രതിപക്ഷാംഗങ്ങളുടെ പിന്തുണ ട്രൂഡോയ്‌ക്ക് ഇനി കണ്ടെത്തേണ്ടി വരും.















