കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹർജികൾ പരിഹഗണിക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിക്കാൻ ഹൈക്കോടതി. വനിതാ ജഡ്ജി അടങ്ങുന്ന ബെഞ്ച് കേസുകൾ പരിഗണിക്കും.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടുന്നതുമായി ബന്ധപ്പെട്ട് തന്റെ ഹർജി തള്ളിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ നിർമാതാവായ സജിമോൻ പാറയിൽ സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് ആക്റ്റിംഗ് ചീഫ് ജസ്റ്റിസ് എ. മുഹമ്മദജ് മുഷ്താഖ്, ജസ്റ്റിസ് എസ്. മനു എന്നിവർ പ്രത്യേക ബെഞ്ച് രൂപീകരിക്കുന്ന കാര്യം അറിയിച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ ഉള്ളടക്കം സംബന്ധിച്ചുള്ള കേസുകൾ ഉൾപ്പെടെ വിശാല ബെഞ്ചായിരിക്കും ഇനി പരിഗണിക്കുക.
ഹേമ കമ്മിറ്റി റിപ്പോർട്ട് സെപ്റ്റംബർ ഒൻപതിന് മുൻപ് സർക്കാർ ഹൈക്കോടതിക്ക് കൈമാറാൻ നിർദ്ദേശിച്ചിരുന്നു. പൂർണ രൂപത്തിന് പുറമേ മൊഴിപ്പകർപ്പുകൾ, റിപ്പോർട്ടിന് പിന്നാലെ സർക്കാർ സ്വീകരിച്ച നടപടികൾ, ആരോപണങ്ങൾ അന്വേഷിക്കാൻ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിനെ കുറിച്ചുള്ള വിവരങ്ങൾ, ചില കേസുകൾ എന്നിവയാണ് കോടതിക്ക് കൈമാറുക.