ഈ വർഷത്തെ വിനായക ചതുർത്ഥി സെപ്റ്റംബർ 7 ശനിയാഴ്ച; എങ്ങിനെ ആചരിക്കണം

Published by
Janam Web Desk

വിഘ്‌നേശ്വരനായ ഭഗവാൻ ശ്രീ മഹാഗണപതിയുടെ അവതാര ദിനമാണ് വിനായക ചതുർത്ഥി. ചിങ്ങമാസത്തിലെ വെളുത്ത പക്ഷത്തിലെ ചതുർത്ഥി തിഥി വരുന്ന ദിവസമാണ് വിനായക ചതുർത്ഥി ആഘോഷിക്കുന്നത്. ഈ വർഷം സെപ്റ്റംബർ 7 ശനിയാഴ്ചയാണ് വിനായക ചതുർത്ഥി.

ഈ വര്ഷം സെപ്റ്റംബർ 6 വെള്ളിയാഴ്ച 03 .06 PM മുതൽ സെപ്റ്റംബർ 7 ശനിയാഴ്ച 5 .43 PM വരെയാണ് ചതുർത്ഥി തിഥി വരുന്നത്.

വിനായക ചതുർത്ഥി വ്രതം

വ്രതം തലേ ദിവസമായ 6 നു തന്നെ തുടങ്ങണം.മത്സ്യ മാംസാദികൾ ഒഴിവാക്കണം. പൂർണ്ണ ബ്രഹ്‌മചര്യം പാലിക്കണം.പരമാവധി സമയം ഗണപതിയെ പ്രാർത്ഥിക്കണം .ചതുർത്ഥി ദിവസം രാവിലെ ക്ഷേത്രത്തിൽ ഗണപതി ഹോമം നടത്തുക . ഏതെങ്കിലും ദ്രവ്യം ഹോമത്തിനു സമർപ്പിക്കുക. പറ്റിയാൽ ദിവസം മുഴുവൻ ഗണപതി ക്ഷേത്രത്തിൽ ഇരിക്കുക .അവിടെയുള്ള എല്ലാ പൂജകളിലും പങ്കെടുക്കുക.അല്ലെങ്കിൽ രാവിലെയും വൈകിട്ടും കുളിച്ച് ക്ഷേത്ര ദർശനം നടത്തണം. ഗണേശപുരാണം ,അഷ്ടോത്തരം ,ഗണേശ ഗായത്രി , സഹസ്രനാമം , സങ്കട നാശന ഗണേശ സ്തോത്രം എന്നിവ ജപിക്കാം. പൂർണ ഉപവാസം സാധിച്ചാൽ അതാണ് നല്ലത് .അല്ലാത്ത പക്ഷം പഴങ്ങൾ, ക്ഷേത്രത്തിലെ പടച്ചോർ ഇവ ഭക്ഷിക്കാം. ചതുർത്ഥിയുടെ പിറ്റേന്ന് രാവിലെ ക്ഷേത്രത്തിലെ തീർത്ഥം സേവിച്ച വ്രതം പൂർത്തിയാക്കാം.

വിനായക ചതുർത്ഥി ദിനത്തില്‍ വ്രതം അനുഷ്ഠിച്ചാൽ അടുത്ത വിനായക ചതുര്‍ത്ഥി വരെയുള്ള ഒരു വര്‍ഷക്കാലം ഗണേശപ്രീതിയിലൂടെ സർവ വിഘ്‌നങ്ങൾ നീങ്ങി ഉദ്ദിഷ്ട കാര്യലബ്‌ധിയുണ്ടാവുമെന്നാണ് വിശ്വാസം.

ഗണപതി ഭഗവാന് ഏറ്റവും ഇഷ്ടപ്പെട്ട മാലകൾ കറുക മാല, മുക്കൂറ്റി മാല എന്നിവയാണ്. ചതുർത്ഥി ദിവസം ഈ മാലകൾ ചാർത്തുന്നത് അതി വിശേഷമാണ്. മറ്റു ദിവസങ്ങളിലും ഈ മാലകൾ ചാർത്താവുന്നതാണ്.

വിനായക ചതുർത്ഥി ദിനത്തില്‍ ഗണപതിക്ക്അർച്ചന, മോദകനേദ്യം, ഉണ്ണിയപ്പം നേദ്യം , ഗണപതി ഹോമം എന്നിവ നടത്തിയാൽ സർവാഭീഷ്ടസിദ്ധിയാണ് ഫലം. വീടുകളിൽ മോദകം ഉണ്ടാക്കി വിനായകനെ ധ്യാനിച്ച് അടുപ്പിൽ സമർപ്പിച്ച് , അതിനു ശേഷം കുടുംബാംഗങ്ങൾ ഒത്തൊരുമിച്ചിരുന്ന് കഴിച്ചാൽ കുടുംബൈശ്യര്യവർധനവാണ് ഫലം. വിനായകചതുർഥിയിൽ ‘ഗണേശ സഹസ്രനാമം’ ഭക്തിയോടെ പാരായണം ചെയ്യുന്നതും അത്യുത്തമമാണ്.

ഭഗവാന്റെ ഓരോ ഭാവത്തിനും ഒരു ഫലസിദ്ധി ആണ് വിധി. ബാലഗണപതിയെ ദര്‍ശിക്കുന്നത്‌ അഭീഷ്ടസിദ്ധിക്കാണ്‌. വീരഗണപതി ശത്രുനാശം വരുത്തും. കച്ചവടത്തിലെ വിജയത്തിന്‌ ഉച്ഛിഷ്ടഗണപതി ദര്‍ശനം ഗുണം ചെയ്യും. ഐശ്വര്യവും സമ്പത്തും പ്രധാനം ചെയ്യുന്നതാണ്‌ ലക്ഷ്മിഗണപതി ദര്‍ശനം. സര്‍വ്വാഭീഷ്ടസിദ്ധിയാണ്‌ മഹാഗണപതി ദര്‍ശനഫലം. നല്ല സന്താനങ്ങളെ ലഭിക്കാന്‍ ഹരിദ്രാഗണപതിയെ ദര്‍ശിക്കണം. ദു:ഖമോചനത്തിന്‌ സങ്കടഹരഗണപതിദര്‍ശനം നല്ലതാണ്‌. കടം മാറുന്നതിന്‌ ഋണമോചനഗണപതി. ആഗ്രഹസാഫല്യത്തിന്‌ സിദ്ധിഗണപതി, ഐശ്വര്യത്തിന്‌ ക്ഷിപ്രഗണപതി, വിഘ്ന നിവാരണത്തിന്‌ വിഘ്ന ഗണപതി, ലക്‍ഷ്യപ്രാപ്തിക്ക്‌ വിജയഗണപതി ദര്‍ശനങ്ങള്‍ ഫലം ചെയ്യും.

പത്ത് ദിവസം നീണ്ടു നിൽക്കുന്ന ഗണേശോത്സവം ഈ ദിവസമാണ് തുടങ്ങുന്നത്. ഗണപതി ഭഗവാന്റെ കളിമൺ/പേപ്പർ വിഗ്രഹങ്ങൾ താത്കാലികമായി നിർമിച്ച പന്തലിൽ പ്രത്യേക അനുഷ്ഠാനങ്ങളോടെ സ്ഥാപിക്കുന്നതോടെ ഗണേശോത്സവം ആരംഭിക്കുകയായി. ഈ വിഗ്രഹം പൂക്കൾ, പഴങ്ങൾ, മധുരപലഹാരങ്ങൾ എന്നിവകൊണ്ട് അലങ്കരിക്കപ്പെടുന്നു. പൂജക്കായി താമരയും കറുകപ്പുല്ലും വിശേഷവിധികളോടെ ഉപയോഗിക്കുന്നു. വിഗ്രഹത്തിനു മുന്നിൽ വിളക്ക് തെളിച്ചു 10 ദിവസം യഥാവിധി ഗണേശനെ ഭജനം ചെയ്ത് ഹോമം ചെയ്യപ്പെടുന്നു. പൂജ പ്രസാദം സമൂഹത്തിനു വിതരണം ചെയ്യും. ഗണേശഭഗവാന്റെ പ്രിയപ്പെട്ടതായി വിശ്വസിക്കപ്പെടുന്ന മോദകം, ഉണ്ണിയപ്പം ഒക്കെയാണ് സാധാരണമായി പ്രസാദമായി ഉണ്ടാകാറുള്ളത്. പത്താം ദിവസം അതായത് അനന്ത ചതുർദശി ദിനത്തിൽ മന്ത്ര ജപങ്ങളോടും വലിയ ആഘോഷത്തോടും ഘോഷയാത്രയായി അടുത്തുള്ള ഉചിതമായ നദിയിലോ കടലിലോ നിമഞ്ജനം ചെയ്യുന്നതോടെ ഗണേശോത്സവം പരിസമാപ്തി ആകും.

വിനായക ചതുർത്ഥി ദിനത്തില്‍ ഗണപതി ഗായത്രികൾ ജപിക്കുന്നത് അത്യുത്തമം ആണ്

ഉദിഷ്ഠ കാര്യസിദ്ധിക്കായി ജപിക്കേണ്ട ഗണപതി ഗായത്രി

ഓം ഏക ദന്തായ വിദ് മഹേ

വക്ര തുണ്ഡായ ധീമഹി

തന്നോ ദന്തിഃ പ്രചോദയാത്

 

വിഘ്‌നനിവാരണത്തിനായി ജപിക്കേണ്ട ഗണപതി ഗായത്രി

ഓം ലംബോദരായ വിദ് മഹേ

വക്ര തുണ്ഡായ ധീമഹി

തന്നോ ദന്തിഃ പ്രചോദയാത്

തൊഴിൽ ലബ്ധിക്കും ഗണേശ ഗായത്രികൾ ജപിക്കുന്നത് അത്യുത്തമമമാണ്. ഗണപതി ഗായത്രി മന്ത്രം ജപിച്ചു തുടങ്ങാൻ ഏറ്റവും പറ്റിയ ദിവസമാണ് വിനായക ചതുർത്ഥി.

Share
Leave a Comment