ബെംഗളൂരു : എസ് ഡി പി ഐയുടെ എതിർപ്പിനെ തുടർന്ന് ഉഡുപ്പിയിലെ സർക്കാർ സ്കൂളിലെ പ്രിൻസിപ്പലായ ബി ജി രാമകൃഷ്ണയ്ക്ക് അവാർഡ് നൽകുന്നത് മരവിപ്പിച്ച് കർണാടക . വിദ്യാഭ്യാസ വകുപ്പ് മികച്ച പ്രിൻസിപ്പൽ അവാർഡ് ചൊവ്വാഴ്ച പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തെ രണ്ട് പ്രിൻസിപ്പൽമാരാണ് ഇതിന് അർഹരായത്. അവരിൽ ഒരാളാണ് ബിജി രാമകൃഷ്ണ.
അധ്യാപക ദിനത്തിൽ ഇരുവർക്കും ഈ അവാർഡ് നൽകാനായിരുന്നു തീരുമാനം. എന്നാൽ എസ്ഡിപിഐയുടെ പ്രതിഷേധത്തെത്തുടർന്ന് രാമകൃഷ്ണയ്ക്ക് അവാർഡ് നൽകുന്നത് കർണാടക നിർത്തി വച്ചു. ഹിജാബ് വിലക്കിയ അധ്യാപകന് അവാർഡ് നൽകാനാകില്ലെന്നാണ് എസ് ഡി പി ഐയുടെ വാദം.
‘ രാമകൃഷ്ണ മുസ്ലീം വിരുദ്ധനാണ്, പ്രൊഫസറായിട്ടും വർഗീയവാദിയാണ്, അങ്ങനെയുള്ള ഒരാൾക്ക് കോൺഗ്രസ് സർക്കാർ അവാർഡ് നൽകുന്നു.‘ എന്നാണ് ദക്ഷിണ കന്നഡ എസ്ഡിപിഐ പ്രസിഡൻ്റ് അൻവർ സാദത്ത് ട്വിറ്ററിൽ കുറിച്ചത്. അതേസമയം അവാർഡ് നൽകാത്തതിന് പിന്നിൽ സാങ്കേതിക കാരണങ്ങളാണ് എന്നാണ് വിദ്യാഭ്യാസ വകുപ്പ് പറയുന്നത്.