സിംഗപ്പൂർ സിറ്റി: സിംഗപ്പൂരിൽ തിരുവള്ളുവർ കൾച്ചറൽ സെൻ്റർ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2,000 വർഷങ്ങൾക്ക് മുൻപ് തിരുവള്ളുവർ പങ്കുവച്ച ആശയങ്ങളും ദർശനങ്ങളും ഇന്നും സമൂഹത്തിൽ പ്രധാന്യമർഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും പ്രാചീന ഭാഷയായ തമിഴിലാണ് തിരുക്കുറൾ എഴുതിയിരിക്കുന്നത്. സിംഗപ്പൂരിലുള്ള ദശലക്ഷ കണക്കിന് ഇന്ത്യക്കാരും തിരുവള്ളുവരുടെ ആശയങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്നവരാണെന്ന് വിശ്വസിക്കുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്നതിലും കൾച്ചറൽ സെൻ്റർ നിർണായക പങ്ക് വഹിക്കുമെന്നും പ്രധാ്നമന്ത്രി കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രിയുടെ നിർണായക പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നുവെന്നും നരേന്ദ്ര മോദിക്ക് നന്ദി അറിയിക്കുന്നതായും കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞു. തമിഴ് ഭാഷയും സംസ്കാരവും നിലനിർത്തുന്നതിൽ തിരുവള്ളുവർ കൾച്ചറൽ സെൻ്റർ നിർണായക പങ്ക് വഹിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോങ്ങിന്റെ പ്രത്യേക ക്ഷണപ്രകാരമാണ്
നരേന്ദ്ര മോദി ദ്വിദിന സന്ദർശനത്തിനായി സിംഗപ്പൂരിലെത്തിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനും ഇന്ത്യയിലേക്കുള്ള നിക്ഷേപ സാധ്യതകൾ കൂട്ടുന്നതും ലക്ഷ്യമിട്ടാണ് സന്ദർശനം. ഇത് അഞ്ചാം തവണയാണ് പ്രധാനമന്ത്രി സിംഗപ്പൂർ സന്ദർശനം നടത്തുന്നത്.