രണ്ട് മഹാനടന്മാരുണ്ടെങ്കിലും എപ്പോഴും ഒരു ‘M’ന് നേരെ മാത്രമേ മാദ്ധ്യമങ്ങളുടെ ചോദ്യം വരാറുള്ളൂവെന്ന് ആക്ടിവിസ്റ്റ് അഞ്ജു പാർവതി. സിനിമയിലെ ലഹരി ഉപയോഗത്തെക്കുറിച്ചും ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ട സർക്കാർ നടപടിയെക്കുറിച്ചും ജനംടിവി ഡിബേറ്റിൽ സംസാരിക്കുകയായിരുന്നു അവർ.
സർക്കാരിന് മറ്റ് വഴികളില്ലാതെ വന്നപ്പോഴാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടത്. വയനാട് ദുരന്തവും ഫണ്ട് സ്വരൂപീകരണവും കാഫിർ വിഷയവുമൊക്കെ വലിയ ചർച്ചയാകുമ്പോഴായിരുന്നു ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നത്. വിഷയത്തിൽ നിന്ന് വഴിതിരിച്ചുവിടാൻ മണ്ണ്/പെണ്ണ് എന്നീ കാര്യങ്ങൾ മുന്നിലിട്ട് കൊടുത്താൽ മതിയെന്ന് സർക്കാരിന് അറിയാം. ഹേമാ കമ്മറ്റി റിപ്പോർട്ട് പുറത്തുവരുമ്പോൾ അതിൽ പെണ്ണ് എന്ന വിഷയം ചർച്ചയാകുമെന്നും ഇക്കിളിപ്പെടുത്തുന്ന പല കഥകൾക്കും പിന്നാലെ കേരളത്തിലെ പ്രബുദ്ധ ജനത പോകുമെന്നും സർക്കാരിന് അറിയാം. പല പ്രമുഖരെയും സംരക്ഷിച്ചുകൊണ്ട് റിപ്പോർട്ട് പുറത്തുവിട്ടെങ്കിലും ബൂമറാംഗ് പോലെയായി. സർക്കാരിന് തന്നെ റിപ്പോർട്ട് തിരിച്ചടിച്ചു.
പവർ ഗ്രൂപ്പിന്റെ പേരിൽ ചർച്ച തുടങ്ങി. മലയാളത്തിൽ രണ്ട് മഹാനടൻമാരുണ്ടെങ്കിലും എന്തെങ്കിലും പ്രശ്നം വരുമ്പോൾ ഒരു ‘M’ന് എതിരെ മാത്രമാണ് മാദ്ധ്യമങ്ങളും സോഷ്യൽമീഡിയയും തിരിയുന്നത്. അത് മാർക്കറ്റിംഗിന്റെ ഭാഗം കൂടിയാകാം. മോഹൻലാൽ എന്ന വ്യക്തിയെ കാണിച്ച് കഴിഞ്ഞാൽ റേറ്റിംഗ് കൂടും എന്നുള്ളതുകൊണ്ടാകാം. മോഹൻലാൽ എല്ലാതിനും മറുപടി പറയണം എന്നുള്ള പൊതുബോധം നമുക്കുണ്ട്. അത് അമ്മയുമായി ബന്ധപ്പെട്ട വിഷയത്തിലായാലും അല്ലാത്ത കാര്യത്തിലായാലും. ഒന്നുരണ്ട് ദിവസം പവർഗ്രൂപ്പിന്റെ പുറകെ പോയെങ്കിലും ആദ്യത്തെ വെടി വൈകാതെ പൊട്ടി. ഇടതുരാഷ്‌ട്രീയത്തിനൊപ്പം സഞ്ചരിക്കുന്ന ബംഗാളി നടി തന്നെ രംഗത്തെത്തി. ആദ്യ വെടി പൊട്ടിയത് സഖാവ് രഞ്ജിത്തിനെതിരെ. അതുകഴിഞ്ഞപ്പോൾ ഇടതുപക്ഷത്തിന്റെ എംഎൽഎയ്‌ക്കെതിരെ.. WCCയിലെ രേവതി, റിമ തുടങ്ങിയവർക്കെതിരെ ആരോപണങ്ങളുയർന്നുവെങ്കിലും ഇവിടെ മൗനമാണ്. – അഞ്ജു പാർവതി പറഞ്ഞു.















