നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയ താരവുമായ ദിയ കൃഷ്ണ വിവാഹിതയായി. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. സോഫ്റ്റ് വെയർ എഞ്ചിനീയറായ തിരുനൽവേലി സ്വദേശി അശ്വിൻ ഗണേശാണ് ദിയയുടെ വരൻ. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ വളരെ ലളിതമായാണ് വിവാഹ ചടങ്ങുകൾ നടന്നത്. തിരുവനന്തപുരത്തെ ഹോട്ടലിൽ വച്ചായിരുന്നു വിവാഹം.
രണ്ട് വർഷത്തെ പ്രണയത്തിന് ശേഷമാണ് ദിയയും അശ്വിനും വിവാഹിതരായത്. ഗോൾഡൻ നിറത്തിലുള്ള സാരിയിൽ ഗുജറാത്തി സ്റ്റൈലിലാണ് ദിയ കൃഷ്ണ വേദിയിലെത്തിയത്. ഗോൾഡൻ നിറത്തിലുള്ള കുർത്തയും മുണ്ടുമായിരുന്നു അശ്വിന്റെ വേഷം.
വിവാഹം ലളിതമായി നടത്തണമെന്നാണ് ചെറിയ പ്രായം മുതൽ താൻ ആഗ്രഹിച്ചിരുന്നതെന്ന് ദിയ കൃഷ്ണ പ്രതികരിച്ചു. “എന്റെ ബന്ധുക്കളെ മാത്രം ഉൾപ്പെടുത്തി സ്വകാര്യമായി കല്യാണം നടത്താനാണ് നേരത്തെ ഉദ്ദേശിച്ചിരുന്നത്. എന്നെ ഇഷ്ടമുള്ളവരും എനിക്ക് ഇഷ്ടമുള്ളവരും ഒത്തുചേർന്ന് കല്യാണം നടത്തണമെന്നായിരുന്നു എന്റെ ആഗ്രഹം. അതാണ് കൂടുതൽ പേരെയൊന്നും അറിയിക്കാതിരുന്നതെന്ന്” ദിയ പറഞ്ഞു.
കല്യാണം വലിയ രീതിയിൽ മാത്രമല്ല, ചെറിയ രീതിയിലും നടത്താൻ കഴിയുമല്ലോയെന്നും ദിയയ്‌ക്കും അതായിരുന്നു ഇഷ്ടമെന്നും കൃഷ്ണകുമാർ പ്രതികരിച്ചു. ലളിതമായ കല്യാണത്തിലൂടെ അനാവശ്യ ധൂർത്ത് ഒഴിവാക്കുന്നതാണ് നല്ലതെന്നും കൃഷ്ണകുമാർ പറഞ്ഞു.
സിനിമ- സീരിയൽ താരങ്ങളെ വിളിക്കാത്തത് എന്തുകൊണ്ടെന്ന ചോദ്യത്തിന് എന്റെ കുടുംബത്തിലെ എല്ലാവരും ആർട്ടിസ്റ്റുകളല്ലേ എന്നായിരുന്നു ദിയയുടെ മറുപടി.