ന്യൂഡൽഹി: സിംഗപ്പൂർ പ്രസിഡന്റ് തർമൻ ഷൺമുഖരത്‌നവുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ-സിംഗപ്പൂർ ബന്ധം കൂടുതൽ ദൃഢപ്പെടുത്തുന്നതിനും വിശാലമാക്കുന്നതിനും ഇരുനേതാക്കളും ചർച്ചകൾ നടത്തി. ഇരുരാജ്യങ്ങൾ തമ്മിലുള്ള സഹകരണവും പങ്കാളിത്തവും മുന്നോട്ടു കൊണ്ടുപോകുന്നതിൽ പ്രധാനമന്ത്രി സിംഗപ്പൂർ പ്രസിഡന്റിന് നന്ദി അറിയിച്ചുവെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ എക്‌സിൽ കുറിച്ചു.
” ഇന്ത്യ-സിംഗപ്പൂർ ബന്ധം വരും വർഷങ്ങളിലും ശക്തിപ്പെടും. ഇന്ത്യയോടുള്ള സിംഗപ്പൂരിന്റെ സഹകരണത്തിനും സൗഹൃദത്തിനും പ്രധാനമന്ത്രി നരേന്ദ്രമോദി നന്ദി അറിയിച്ചു.”- രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
PM @narendramodi held fruitful talks with President @Tharman_S in Singapore today.
PM thanked President @Tharman_S for his passionate support for 🇮🇳-🇸🇬 partnership. Discussions focused on avenues to broaden and deepen 🇮🇳-🇸🇬 cooperation. pic.twitter.com/BHcYYsnNwI
— Randhir Jaiswal (@MEAIndia) September 5, 2024
ഇരുനേതാക്കളും ആഗോള വിഷയങ്ങൾ ചർച്ച ചെയ്തു. വരും വർഷങ്ങളിൽ സാങ്കേതികവിദ്യ, വ്യാപാരം തുടങ്ങിയ മേഖലകളിൽ ഇന്ത്യ-സിംഗപ്പൂർ സഹകരണവും നിക്ഷേപങ്ങളും എങ്ങനെ വിപുലീകരിക്കാമെന്നടക്കമുള്ള വിഷയങ്ങൾ നേതാക്കൾ ചർച്ച ചെയ്തു.
സന്ദർശക പുസ്തകത്തിൽ ഒപ്പുവച്ച ശേഷമാണ് പ്രധാനമന്ത്രി സിംഗപ്പൂർ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയത്. അടുത്ത വർഷം ഇന്ത്യ സന്ദർശിക്കാൻ സിംഗപ്പൂർ പ്രസിഡന്റിനെ പ്രധാനമന്ത്രി ക്ഷണിക്കുകയും ചെയ്തു. കഴിഞ്ഞ വർഷമാണ് ഇന്ത്യൻ വംശജനായ തർമൻ ഷൺമുഖരത്‌നം സിംഗപ്പൂർ പ്രസിഡന്റായത്. വിദ്യാഭ്യാസ, ധനകാര്യമന്ത്രിയായും ഉപപ്രധാനമന്ത്രിയായും അദ്ദേഹം 2011 മുതൽ 2019 വരെ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ദ്വിദിന സന്ദർശനത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സിംഗപ്പൂരിലെത്തിയത്. ഇന്നലെ സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോങുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യയിലേക്കുള്ള നിക്ഷേപങ്ങൾ വർദ്ധിപ്പിക്കാൻ ഇരുനേതാക്കളുടെയും കൂടിക്കാഴ്ച സഹായകരമാകുമെന്നാണ് വിലയിരുത്തൽ.















