ന്യൂഡൽഹി: സൗജന്യ ഓൺ ലൈൻ വിജ്ഞാന കോശമായ വിക്കിപീഡിയയ്‌ക്ക് ഡൽഹി ഹൈക്കോടതിയുടെ കോടതിയലക്ഷ്യ നോട്ടീസ്.
അപകീർത്തികരമായ എഡിറ്റുകൾ നടത്തിയതായി റിപ്പോർട്ട് ചെയ്യപ്പെട്ട വരിക്കാരുടെ വിവരങ്ങൾ വെളിപ്പെടുത്തണമെന്ന കോടതി ഉത്തരവ് സൈറ്റ് പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഏഷ്യൻ ന്യൂസ് ഇൻ്റർനാഷണൽ (എഎൻഐ) സമർപ്പിച്ച അപേക്ഷയിലാണ് ഡൽഹി ഹൈക്കോടതി വ്യാഴാഴ്ച വിക്കിപീഡിയയ്‌ക്ക് കോടതിയലക്ഷ്യ നോട്ടീസ് അയച്ചത്. ഉത്തരവിനെക്കുറിച്ച് ചില കാര്യങ്ങൾ കോടതിയിൽ നൽകേണ്ടതുണ്ടെന്നും തങ്ങൾ ഇന്ത്യയിലല്ലാത്തതിനാൽ ഹാജരാകാൻ സമയമെടുത്തെന്നും അഭിഭാഷകനായ ടിൻ എബ്രഹാം മുഖേന വിക്കിപീഡിയ കോടതിയെ അറിയിച്ചു.
വിക്കിപീഡിയയുടെ ഈ വാദത്തെ ജസ്റ്റിസ് നവിൻ ചൗള ശക്തമായി എതിർത്തു.
“ഞങ്ങൾ ഇനി ഇത് സ്വീകരിക്കില്ല . നിങ്ങൾക്ക് ഇന്ത്യയെ ഇഷ്ടമല്ലെങ്കിൽ ഇവിടെ ജോലി ചെയ്യരുത്,” കോടതി വാക്കാൽ പറഞ്ഞു.
“ഞാൻ കോടതിയലക്ഷ്യം ചുമത്തും…വിക്കിപീഡിയ ഇന്ത്യയിലെ ഒരു സ്ഥാപനമാണോ എന്നതല്ല ഇവിടുത്തെ ചോദ്യം. നിങ്ങളുടെ ബിസിനസ്സ് ഇടപാടുകൾ ഞങ്ങൾ ഇവിടെ അവസാനിപ്പിക്കും. വിക്കിപീഡിയ തടയാൻ ഞങ്ങൾ സർക്കാരിനോട് ആവശ്യപ്പെടും,” ജസ്റ്റിസ് നവീൻ ചൗള പറഞ്ഞു.
“നേരത്തെയും നിങ്ങൾ ഈ വാദം ഉന്നയിച്ചിരുന്നു. നിങ്ങൾക്ക് ഇന്ത്യയെ ഇഷ്ടമല്ലെങ്കിൽ, ദയവായി ഇന്ത്യയിൽ ജോലി ചെയ്യരുത്,” ജസ്റ്റിസ് ചൗള വീണ്ടുംപറഞ്ഞു.
ഇനി കേസ് പരിഗണിക്കുന്ന ഒക്ടോബർ 25-ന് വിക്കിപീഡിയയുടെ ഔദ്യോഗിക പ്രതിനിധി നേരിട്ട് ഹാജരാകാനും കോടതി ഉത്തരവിട്ടു.
എഎൻഐയുടെ വിക്കിപീഡിയ പേജിൽ വാർത്താ ഏജൻസിയെക്കുറിയിച്ച് അപകീർത്തികരമായ വിവരണം വിക്കിപീഡിയ നൽകിയെന്ന് ആരോപിച്ച് അവർ നൽകിയ മാനനഷ്ടക്കേസിൽ വാദം കേൾക്കുകയായിരുന്നു ഹൈക്കോടതി. ഈ ഉള്ളടക്കം നീക്കം ചെയ്യണമെന്ന് ആവശ്യപ്പട്ടാണ് അവർ കോടതിയെ സമീപിച്ചത് .















