മലയാള സിനിമ ചെയ്യാൻ തനിക്ക് ഒരുപാട് ആഗ്രഹമുണ്ടെന്ന് തമിഴ് നടി പ്രിയങ്ക മോഹൻ. നിവിൻ പോളിയോടൊപ്പം ഒരു റൊമാന്റിക് സിനിമ ചെയ്യാനുള്ള അവസരം തനിക്ക് കിട്ടിയിരുന്നെന്നും ഭയങ്കര മനോഹരമായ കഥയായിരുന്നു അതെന്നും പ്രിയങ്ക പറഞ്ഞു. നാനി നായകനായെത്തുന്ന സരിപോധ ശനിവാരം എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
“മലയാളം സിനിമയിൽ അഭിനയിക്കണമെന്ന് എനിക്ക് ഒരുപാട് ആഗ്രഹമുണ്ട്. മലയാളത്തിൽ നിന്നൊരു നല്ല കഥ കിട്ടാനായി ഞാൻ കാത്തിരിക്കുകയാണ്. മലയാള സിനിമകളൊക്കെ വളരെ നല്ലതാണ്. നിവിൻ പോളി സാറുമായി ഒരു റൊമാന്റിക് സിനിമ ചെയ്യാനുള്ള അവസരം എനിക്ക് കിട്ടിയിരുന്നു. നല്ല കഥയായിരുന്നു അത്. പക്ഷേ ചില കാരണങ്ങൾ കൊണ്ട് ആ സിനിമ മുടങ്ങിപോയി. അതിന്റെ സങ്കടം എനിക്ക് ഇപ്പോഴുമുണ്ട്”.
“നിവിൻ പോളി സാറിനൊപ്പമുള്ള ആ സിനിമ വീണ്ടും തുടങ്ങണമെന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ട്. മലയാള സിനിമ കാണാൻ ഒരുപാട് ഇഷ്ടമാണ്. പ്രേക്ഷകർക്ക് ഒരുപാട് താത്പര്യം തോന്നുന്ന കഥകളാണ് മലയാള ചിത്രങ്ങൾക്കുള്ളത്. കഥകളെല്ലാം വളരെ രസത്തോടെ കണ്ടിരിക്കാം. മേക്കിംഗ് ആണെങ്കിലും കഥ പറയുന്ന രീതിയാണെങ്കിലും വളരെ സിമ്പിളാണ്”.
കഥ നന്നായി വായിച്ച് നോക്കിയതിന് ശേഷമായിരിക്കും സിനിമ ചെയ്യണോ വേണ്ടയോ എന്ന് ഞാൻ ആലോചിക്കുന്നത്. എന്റെ കഥാപാത്രവുമായി കഥയെ കണക്ട് ചെയ്യാൻ നോക്കുമെന്നും പ്രിയങ്ക മോഹൻ പറഞ്ഞു.















