തിരുവനന്തപുരം: ലൈംഗികാതിക്രമ കേസിലെ പ്രതിയായ എംഎൽഎ മുകേഷിനെ സിനിമ നയരൂപീകരണ സമിതിയിൽ നിന്ന് മാറ്റി. നടിയുടെ പരാതിയിൽ മുകേഷിനെതിരെ കേസെടുത്തതിന് പിന്നാലെ സമിതിയിൽ നിന്ന് മാറ്റണമെന്ന് ആവശ്യം ശക്തമായി ഉയർന്നിരുന്നു.
ലൈംഗികാതിക്രമ കേസിലെ പ്രതിയെ നയ രൂപീകരണ സമിതിയിൽ ഉൾപ്പെടുത്തുന്നത് അനീതിയാണെന്ന് ചൂണ്ടിക്കാട്ടി നിരവധി പേർ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു നടപടി. ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ ഷാജി എൻ കരുൺ, സാംസ്കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി, സംസ്ഥാന ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ്, മഞ്ജു വാര്യർ, ബി ഉണ്ണികൃഷ്ണൻ, പത്മപ്രിയ, രാജീവ് രവി, നിഖില വിമൽ, സന്തോഷ് കുരുവിള എന്നിവരാണ് സമിതിയിലെ അംഗങ്ങൾ.
ഷാജി എൻ കരുണാണ് നയരൂപികരണ സമിതിയുടെ അദ്ധ്യക്ഷൻ. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെയും പൊതുവായ സിനിമാ നയം രൂപീകരിക്കുന്നതിന്റെ ആവശ്യകതയുടെയും പശ്ചാത്തലത്തിലാണ് നയരൂപീകരണ സമിതി രൂപീകരിച്ചത്.