ന്യൂഡൽഹി: റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ മധ്യസ്ഥത വഹിക്കണമെന്ന് ആവശ്യപ്പെട്ട് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. ചൈനയും ബ്രസീലും ചർച്ചകളുടെ ഭാഗമാകണമെന്നും അദ്ദേഹം വ്യക്തമാക്കി. 2022-ൽ ഇസ്താംബൂളിൽ റഷ്യയുടെയും യുക്രെയ്‌നിന്റെയും പ്രതിനിധികൾ യുദ്ധവുമായി ബന്ധപ്പെട്ട കരാറിൽ ഏർപ്പെട്ടിരുന്നു. പിന്നീട് ഇത് സംബന്ധിച്ച ചർച്ചകൾ നടന്നില്ല. ഭാവിയിൽ കരാർ അടിസ്ഥാനമാക്കിയുള്ള ചർച്ചകൾക്കും തയ്യാറാണെന്ന് പുടിൻ പറഞ്ഞു.
” ഞങ്ങളുടെ സുഹൃത്തുക്കളെയും പങ്കാളികളെയും റഷ്യ ബഹുമാനിക്കുന്നു. റഷ്യ-യുക്രെയ്ൻ സംഘർഷവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാൻ ഇന്ത്യയും, ബ്രസീലും, ചൈനയും ആത്മാർത്ഥമായി ശ്രമിക്കുന്നു. സമാധാന ചർച്ചകൾക്ക് റഷ്യ വിസമ്മതിച്ചിട്ടില്ല. അതിനാൽ പ്രശ്‌നം പരിഹരിക്കാൻ ഈ രാജ്യങ്ങളുടെ മധ്യസ്ഥത ആവശ്യപ്പെടുന്നു.”- വ്‌ളാഡിമിർ പുടിൻ പറഞ്ഞു.
2024 ഒക്ടോബർ 22 മുതൽ 24 വരെ റഷ്യയിൽ വച്ച് ബ്രിക്‌സ് ഉച്ചകോടി നടക്കാനിരിക്കെയാണ് സംഘർഷം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് തയ്യാറാണെന്ന് പുടിൻ അറിയിച്ചത്. റഷ്യ, ഇന്ത്യ, ദക്ഷിണാഫ്രിക്ക, ബ്രസീൽ, ചൈന എന്നീ രാജ്യങ്ങളാണ് ബ്രിക്‌സ് അംഗങ്ങൾ.
യുക്രെയ്‌നുമായുള്ള സംഘർഷം ഒഴിവാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇരുരാജ്യങ്ങൾക്കിടയിൽ സമാധാന ചർച്ചകൾ നടത്താൻ സാധിക്കുമെന്ന് റഷ്യൻ പ്രസിഡൻഷ്യൽ വക്താവ് ദിമിത്രി പെസ്‌കോവ് വ്യക്തമാക്കിയിരുന്നു.
ഓഗസ്റ്റ് 23 ന് യുക്രെയ്ൻ സന്ദർശിച്ച പ്രധാനമന്ത്രി, യുദ്ധം അവസാനിപ്പിക്കാൻ യക്രെയ്‌നും റഷ്യയും തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ വേണ്ട സഹായങ്ങൾ ചെയ്യാൻ ഇന്ത്യ തയ്യാറാണെന്നും അദ്ദേഹം യുക്രെയ്ൻ പ്രസിഡന്റ് വ്‌ളാഡിമിർ സെലൻസ്‌കിയെ അറിയിച്ചു.