ആലപ്പുഴ: അവധിക്ക് നാട്ടിലേക്ക് വരുന്നതിനിടെ കാണാതായ സിആർപിഎഫ് ജവാനെ മരിച്ച നിലയിൽ കണ്ടെത്തി. പെരിങ്ങിലിപ്പുറം സ്വദേശി പിപി ജോസ്‌പോളിനെയാണ് റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഈ മാസം മൂന്നിന് ഛത്തീസ്ഗഡിൽ നിന്നും നാട്ടിലേക്ക് യാത്ര തിരിച്ച ജോസ്‌പോളിനെ ട്രെയിനിൽ നിന്നും കാണാതാവുകയായിരുന്നു. തിരുപ്പതിക്കും കാട്പാടിക്കും ഇടയിൽ വച്ചാണ് കാണാതായതെന്ന് ഒപ്പം യാത്ര ചെയ്ത സുഹൃത്ത് പറഞ്ഞു. ഇതോടെ ജവാന്റെ ഫോട്ടോ സഹിതം പുറത്തുവിട്ട് തെരച്ചിൽ നടത്തുന്നതിനിടെ തിരുപ്പതിക്ക് സമീപത്തെ റെയിൽവേ ട്രാക്കിൽ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.
ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. പരേതനായ ഫിലിപ്പിന്റെ മകനാണ് സിആർപിഎഫ് ജവാൻ പിപി ജോസ്‌പോൾ.















