കൊൽക്കത്ത: ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വനിതാ ഡോക്ടറെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതിന് തൊട്ടുപിന്നാലെ ആശുപത്രി നവീകരിക്കാൻ മുൻ പ്രിൻസിപ്പിൽ ഡോ.സന്ദീപ് ഘോഷ് നിർദ്ദേശം നൽകിയതായി കണ്ടെത്തൽ. ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തിയ സെമിനാർ ഹാളിനോട് ചേർന്നുള്ള സ്ഥലം പൊളിച്ചു നീക്കാനാണ് സന്ദീപ് ഘോഷ് നിർദ്ദേശിച്ചതെന്ന് സിബിഐ അന്വേഷണത്തിൽ കണ്ടെത്തി.
പൊതുമരാമത്ത് വകുപ്പാണ് ഇത് സംബന്ധിച്ചുള്ള തുടർനീക്കങ്ങൾ നടത്തിയത്. ആശുപത്രിയിലെ ഡോക്ടർമാർക്കുള്ള വിശ്രമമുറിയും ജീവനക്കാരുടെ ടോയ്ലറ്റും പൊളിച്ചുനീക്കി നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനാണ് സന്ദീപ് ഘോഷ് അനുമതി കത്ത് നൽകിയത്. ഇവിടുത്തെ പ്രവർത്തനങ്ങൾ എത്രയും വേഗം പൂർത്തിയാക്കാൻ സന്ദീപ് ഘോഷ് താത്പര്യം പ്രകടിപ്പിച്ചിരുന്നുവെന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
പത്താം തിയതി രാവിലെയാണ് പ്രിൻസിപ്പൽ ഹെൽത്ത് സെക്രട്ടറിയും മെഡിക്കൽ എജ്യുക്കേഷൻ ഡയറക്ടറുമായി നടത്തിയ യോഗത്തിൽ മുറികൾ അടിയന്തരമായി പൊളിച്ചുനീക്കാനുള്ള തീരുമാനം എടുക്കുന്നത്. കൊലപാതകം നടന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ ഇത്തരമൊരു തീരുമാനം എടുത്തത് സംശയാസ്പദമാണെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. ഓഗസ്റ്റ് 13ന് കേസ് അന്വേഷണം ഏറ്റെടുക്കുമ്പോൾ കുറ്റകൃത്യം നടന്ന സ്ഥലങ്ങളിൽ മാറ്റം വരുത്തിയിരുന്നുവെന്നും സിബിഐ ആരോപിച്ചു
ഈ വിഷയം സുപ്രീംകോടതിയെ അറിയിച്ചതായും സിബിഐ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്. സന്ദീപ് ഘോഷിന്റെ നേതൃത്വത്തിൽ മെഡിക്കൽ കോളേജിലെ ഉദ്യോഗസ്ഥരും, തീരുമാനം അംഗീകരിച്ച ആരോഗ്യവകുപ്പും കൊലപാതകത്തെ മൂടിവയ്‌ക്കാൻ ശ്രമിച്ചുവെന്നതിന് തെളിവാണെന്നും, വിശദമായ അന്വേഷണം നടത്തുമെന്നും സിബിഐ വൃത്തങ്ങൾ പറയുന്നു. സെമിനാർ ഹാളിന് സമീപത്തെ പൊളിച്ചു കളഞ്ഞ മുറികളും കുറ്റകൃത്യം നടന്ന സ്ഥലവുമായി ബന്ധമുണ്ടാകാമെന്ന് പ്രതിഷേധം നടത്തുന്ന ജൂനിയർ ഡോക്ടർമാരും ആരോപിച്ചു.