ന്യൂഡൽഹി: വ്യാജ പ്രതിരോധ മന്ത്രാലയ ലിങ്കുകൾ കണ്ടെത്തി രാജ്യത്തെ സൈബർ സുരക്ഷാ ഏജൻസികൾ. തന്ത്രപ്രധാനമായ സർക്കാർ രേഖകൾ മോഷ്ടിക്കാനും ഉദ്യോഗസ്ഥരുടെ ലോഗിൻ വിവരങ്ങൾ ചോർത്താനും ലക്ഷ്യമിട്ട് നിർമ്മിച്ച വ്യാജ ലിങ്കുകളാണ് സുരക്ഷാ ഏജൻസികൾ കണ്ടെത്തിയത്. നാഷണൽ ഇൻഫോർമാറ്റിക്‌സ് സെൻ്റർ (NIC) ഈ ആഴ്ച പുറപ്പെടുവിച്ച പ്രസ്താവനയിലാണ് ഇത്തരത്തിൽ രണ്ട് ഫിഷിങ് ലിങ്കുകൾ കണ്ടെത്തിയതായി പറയുന്നത്. mod.gov.in.aboutcase.nl/publications.html and mod.gov.in.army.aboutcase.nl/publications.html. എന്നീ വ്യാജ ലിങ്കുകളാണ് തിരിച്ചറിഞ്ഞത്.
ഈ രണ്ട് ലിങ്കുകളും നാഷണൽ ഇൻഫോർമാറ്റിക്‌സ് സെൻ്റർ നൽകിയിട്ടുള്ള ലോഗിൻ വിവരങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് സർക്കാർ ഉദ്യോഗസ്ഥർക്ക് വ്യാജ ഇമെയിലുകൾ അയക്കുന്നു. ഇതിനോടൊപ്പം “ഹാക്കേഴ്‌സ് ടാർഗെറ്റഡ് ഡിഫൻസ് പേഴ്‌സണൽ ഇൻ മാസ് സൈബർ അറ്റാക്ക്” എന്ന തലക്കെട്ടുള്ള ഒരു “വ്യാജ” ഡോക്യുമെന്റും ഉണ്ടാകും. ലോഗിൻ ഐഡിയും പാസ്‌വേഡും പോലുള്ള വ്യക്തിഗത വിവരങ്ങൾ പഞ്ച് ചെയ്തുകഴിഞ്ഞാൽ, ലിങ്കുകൾ ഉപയോക്താക്കളെ “login-error.html” പേജിലേക്ക് തിരിച്ചുവിടുന്നു. ഇത്തരത്തിലാണ് തട്ടിപ്പ് നടത്തുന്നത്.
ഈ രണ്ട് വ്യാജ ലിങ്കുകളും യഥാർത്ഥ പ്രതിരോധ മന്ത്രാലയത്തിന്റ വെബ്‌സൈറ്റിന്റെ അതേ മാതൃകയിലാണ് സൃഷ്ടിച്ചിരിക്കുന്നത്. അതിനാൽ ഇതിലൂടെ വളരെ പെട്ടന്ന് ഉദ്യോഗസ്ഥരെ വഞ്ചിക്കാം. സർക്കാർ ജീവനക്കാരോട് അത്തരത്തിലുള്ള ഒരു ഇ-മെയിൽ ഇൻബോക്സിൽ ലഭിച്ചാൽ അത് ഡിലീറ്റ് ചെയ്യാൻ NIC ആവശ്യപ്പെട്ടിട്ടുണ്ട്. അത്തരം ലിങ്കുകളിൽ അബദ്ധവശാൽ ക്ലിക്ക് ചെയ്താൽ, കമ്പ്യൂട്ടറുകളിലെ ഇൻ്റർനെറ്റ് കണക്ഷൻ പ്രവർത്തനരഹിതമാക്കാനും പാസ്‌വേഡുകൾ മാറ്റാനും ഓപ്പറേറ്റിംഗ് സിസ്റ്റം അപ്‌ഡേറ്റ് ചെയ്യാനും NIC നിർദ്ദേശം നൽകിയിട്ടുണ്ട്.