മലപ്പുറം എസ്പി ആയിരുന്ന സുജിത് ദാസിനെതിരെ ഗുരുതര ആരോപണവുമായി വീട്ടമ്മ. സുജിത് ദാസ് രണ്ട് തവണ ബലാത്സംഗം ചെയ്തെന്ന് വീട്ടമ്മ പറഞ്ഞു. പിവി അൻവറുമായി സംസാരിച്ച ശേഷമാണ് ഇക്കാര്യം പുറത്ത് പറയാൻ തീരുമാനിച്ചതെന്നും വീട്ടമ്മ വെളിപ്പെടുത്തി.
രണ്ട് വർഷം മുൻപാണ് സംഭവം. കുടുംബ പ്രശ്നത്തെ കുറിച്ചുള്ള പരാതിയുമായാണ് പൊലീസിനെ സമീപിച്ചത്. പരാതിയുമായെത്തിയ വീട്ടമ്മയെ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. പൊന്നാനി സിഐ ആയിരുന്ന വിനോദും മലപ്പുറം എസ്പി ആയിരുന്ന സുജിത് ദാസും ബലാത്സംഗം ചെയ്തു. ബലാത്സംഗ വിവരം പുറത്ത് പറയരുതെന്ന് സുജിത് ദാസ് ഭീഷണിപ്പെടുത്തിയതായും വീട്ടമ്മ ആരോപിക്കുന്നു.
രണ്ടാം തവണ അതിക്രമിച്ചപ്പോൾ സുജിത് ദാസിനൊപ്പം മറ്റൊരു ഉദ്യോഗസ്ഥൻ കൂടിയുണ്ടായിരുന്നുവെന്നും അദ്ദേഹം കസ്റ്റംസിലെ ഉയർന്ന ഉദ്യോഗസ്ഥനാണെന്നും അയാൾക്ക് കൂടി വഴങ്ങണമെന്നും എസ്പി ആവശ്യപ്പെട്ടതായും വീട്ടമ്മ ആരോപിക്കുന്നു.
പിവി അൻവർ എംഎൽഎയുമായുള്ള വിവാദ ഫോൺ കോളും സ്വർണക്കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങളും പുറത്തായതോടെ സുജിത് ദാസിനെതിരെ ഗുരുതര വിമർശനങ്ങളാണ് ഉയർന്നിരുന്നത്. ഗുരുതര ചട്ട ലംഘനം നടത്തിയ ഉദ്യോഗസ്ഥനെ സർക്കാരും ആഭ്യന്തര വകുപ്പും ആദ്യഘട്ടത്തിൽ സംരക്ഷിച്ചെങ്കിലും ഗത്യന്തരമില്ലാതെ കയ്യൊഴിയുകയായിരുന്നു. സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ മുഖ്യമന്ത്രി ഇന്നലെ ഉത്തരവിട്ടു.
മലപ്പുറം എസ്പി ആയിരിക്കെ ഔദ്യോഗിക വസതിയിൽ നിന്ന് മരം മുറിച്ചു കടത്തിയെന്ന ആരോപണം സുജിത് ദാസിനെതിരെയുണ്ട്. ഇത് സംബന്ധിച്ച് നിലവിലെ മലപ്പുറം എസ്പിക്ക് പിവി അൻവർ എംഎൽഎ പരാതി നൽകിയിരുന്നു. ഇത് പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് അൻവറിനെ സുജിത് ദാസ് ഫോണിൽ വിളിച്ച് സംസാരിച്ചത്. ഈ സംഭാഷണം പൊലീസ് സേനയ്‌ക്ക് നാണക്കേട് ഉണ്ടാക്കിയെന്ന് ഡിഐജി ഡിജിപിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു.
കരിപ്പൂർ വിമാനത്താവളം വഴി കടത്തിയ കള്ളക്കടത്ത് സ്വർണം മലപ്പുറം എസ്പി ആയിരിക്കെ അടിച്ചുമാറ്റിയെന്നും പിവി അൻവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. നിയമങ്ങൾ കാറ്റിൽ പറത്തിയാണ് വിമാനത്താവള പരിസരത്ത് വച്ച് സ്വർണം പിടികൂടുന്നത്. പിടിച്ചെടുക്കുന്ന സ്വർണത്തിൽ നിന്നൊരു ഭഗം മാറ്റിയ ശേഷമാണ് കോടതിയിൽ ഹാജരാക്കുന്നത്. പിടിച്ചെടുക്കുന്ന സ്വർണം സുജിത് ദാസ് ഉരുക്കിയെടുക്കുകയാണ് ചെയ്യുന്നത്. ഇതിനിടെയാണ് സുജിത് ദാസിനെ വെട്ടിലാക്കി വീണ്ടും ആരോപണശരങ്ങൾ ഉയരുന്നത്.