കൊൽക്കത്ത: കൊൽക്കത്ത ആർജി കാർ മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൽ ഡോ സന്ദീപ് ഘോഷിന്റെ വീട്ടില് റെയ്ഡുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇന്ന് പുലർച്ചെയാണ് ഇഡി സംഘം സന്ദീപ് ഘോഷിന്റെ വീട്ടിൽ പരിശോധന നടത്തിയത്. ഇതിന് പുറമെ സന്ദീപ് ഘോഷിന്റെ സഹായികളുമായി ബന്ധമുള്ള ആറോളം ഇടങ്ങളിലും അന്വേഷണസംഘം റെയ്ഡ് നടത്തി.
ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡാറ്റ എൻട്രി ഓപ്പറേറ്ററായ പ്രസൂൺ ചാറ്റർജിയുടെ വീട്ടിലും ഇഡി പരിശോധന നടത്തി. സന്ദീപ് ഘോഷ് ആശുപത്രിയുടെ ചുമതലയിലിരിക്കുന്ന സമയത്ത് വലിയ തോതിൽ ക്രമക്കേട് നടത്തിയതായി കണ്ടെത്തിയതിന് പിന്നാലെ സിബിഐ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. പൊലീസ് കസ്റ്റഡിയിൽ വിട്ടതിന് പിന്നാലെ സർക്കാർ ഇയാളെ സസ്‌പെൻഡ് ചെയ്തു. ജാമ്യമില്ലാ വകുപ്പുകളാണ് സന്ദീപ് ഘോഷിനെതിരെ ചുമത്തിയിരിക്കുന്നത്.
അതേസമയം കൊലപാതകം നടന്നതിന് പിന്നാലെ ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്ന് വലിയ അനാസ്ഥയാണ് ഉണ്ടായതെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം കണ്ടെത്തി 14 മണിക്കൂറിന് ശേഷമാണ് കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. കോളേജ് പ്രിൻസിപ്പലിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച കാരണമാണ് എഫ്‌ഐആർ ഫയൽ ചെയ്യാൻ വൈകിയതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഇതിന് പുറമെ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സെമിനാർ ഹാളിനോട് തൊട്ട് ചേർന്നുള്ള സ്ഥലം നവീകരിക്കാൻ സന്ദീപ് ഘോഷ് നിർദ്ദേശം നൽകിയതിന് പിന്നിലും ദുരൂഹതയുണ്ടെന്നാണ് അന്വേഷണസംഘം പറയുന്നത്. മൃതദേഹം കണ്ടെത്തിയതിന് തൊട്ടടുത്ത ദിവസമാണ് അതിനോട് ചേർന്നുള്ള വിശ്രമമുറിയടക്കം പൊളിച്ച് നീക്കിയത്. കുറ്റകൃത്യം നടന്ന സ്ഥലത്തിനും അതിനോട് ചേർന്നുള്ള ഇടങ്ങൾക്കും വലിയ രീതിയിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്ന് അന്വേഷണസംഘവും ആരോപിച്ചിരുന്നു.















