അയോദ്ധ്യ: ദക്ഷിണേന്ത്യൻ മാതൃകയിൽ അയോദ്ധ്യയിൽ ശിവക്ഷേത്രമൊരുങ്ങുന്നു. രാംനാഥസ്വാമി ശിവക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുത്തു. തമിഴ്നാടിന്റെ സംസ്കാരവും പൈതൃകവും വിളിച്ചോതും വിധത്തിലാകും ക്ഷേത്രനിർമാണമെന്നും ക്ഷേത്രം തമിഴ്ഭക്തരെ അയോദ്ധ്യയിലേക്ക് ആകർഷിക്കുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
30 ദിവസത്തിനിടെ യോഗി ആദിത്യനാഥിന്റെ നാലാമത്തെ അയോദ്ധ്യ സന്ദർശനമാണിത്. അയോദ്ധ്യയിലാദ്യമായാണ് തെക്കേ ഇന്ത്യൻ രീതിയിലുള്ള ക്ഷേത്രം ഉയരുന്നത്. അയോദ്ധ്യയും തമിഴ്നാടുമായുള്ള ബന്ധത്തെ കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു. സീത ദേവിയെ കണ്ടെത്താനുള്ള യാത്രയിൽ ശ്രീരാമൻ പ്രാർത്ഥന നടത്തിയത് രാമേശ്വരത്താണ്. ശ്രീലങ്കയിൽ നിന്ന് രാമനൊപ്പം മടങ്ങിയ സീത രാമനാഥസ്വാമി ക്ഷേത്രത്തിലാണ് പ്രാർത്ഥന നടത്തിയതെന്നാണ് വിശ്വാസം.
‘ഒറ്റ ഇന്ത്യ, മികച്ച ഇന്ത്യ’ എന്ന ദർശനത്തെയാണ് ക്ഷേത്രം പ്രതിനിധീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യം ആത്മീയമായി ഒന്നാകുകയാണെന്നും സാംസ്കാരിക ഐക്യത്തിൽ ക്ഷേത്രം വലിയ മാതൃകയാണെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.